Gulf

കത്താറ പാര്‍ക്കിങുകള്‍ വി.ഐ.പികള്‍ക്കായി മാറ്റിവയ്ക്കുന്നതില്‍ പ്രതിഷേധം

കത്താറ പാര്‍ക്കിങുകള്‍ വി.ഐ.പികള്‍ക്കായി മാറ്റിവയ്ക്കുന്നതില്‍ പ്രതിഷേധം
X
parkingദോഹ: കത്താറയിലെ പാര്‍ക്കിങുകള്‍ വി.ഐ.പികള്‍ക്കും പണം നല്‍കിയവര്‍ക്കുമായി പ്രത്യേകം മാറ്റിവയ്ക്കുന്നതില്‍ സന്ദര്‍ശകര്‍ക്ക് പ്രതിഷേധം. ഈദ് അവധി ദിനങ്ങളിലും വാരാന്ത അവധികളിലുമാണ് പാര്‍ക്കിങുകളില്‍ മുഖ്യഭാഗവും വി.ഐ.പികള്‍ക്കായി നീക്കിവയ്ക്കുന്നത്.

ഗ്രാന്റ് മസ്ജിദ് ഏരിയയിലെ പാര്‍ക്കിങുകളില്‍ പലതിലും പെരുന്നാള്‍ ദിനങ്ങളില്‍ സാധാരണ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.

കത്താറയിലെ വിവിധങ്ങളായ പരിപാടികളും പ്രദര്‍ശനങ്ങളും ആസ്വദിക്കാനെത്തുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശകര്‍ക്കും വലിയ പ്രയാസമാണ് പാര്‍ക്കിങുകള്‍ നിഷേധിക്കപ്പെടുന്നതിലൂടെ ഉണ്ടാകുന്നത്. കോര്‍ണിഷിലും അണ്ടര്‍ഗ്രൗണ്ട് ഏരിയകളിലുമായി ധാരാളം പാര്‍ക്കിങുകളുണ്ടെങ്കിലും വിശേഷ അവധി ദിനങ്ങളിലെല്ലാം തന്നെ ഇവിടെ തിരക്കാവുന്നു. പലരും കത്താറക്ക് വിദൂരമായ സ്ഥലങ്ങളില്‍ പാര്‍ക്കിങ് കണ്ടെത്തുന്നു.

എന്നാല്‍ രോഗികള്‍, വൃദ്ധര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് കത്താറക്ക് സമീപം തന്നെ പാര്‍ക്കിങുകള്‍ സൗജന്യമായി ലഭ്യമാകേണ്ടതുണ്ട്. പണം നല്‍കുന്ന വ്യവസായികള്‍ക്കും മറ്റ് വി.ഐ.പികള്‍ക്കും മാത്രമായി ചില പാര്‍ക്കിങുകള്‍ ഒഴിച്ചിടുന്നത് നീതീകരിക്കാവുന്നതല്ലെന്നും സന്ദര്‍ശകരില്‍ പലരും അഭിപ്രായപ്പെട്ടു.

കത്താറക്കുള്ളിലെ പാര്‍ക്കിങുകളും മറ്റും നിയന്ത്രിക്കുന്ന സെക്യൂരിറ്റി ജീവനക്കാരെ വാഹനമേല്‍പ്പിച്ചാണ് വി.ഐ.പികള്‍ ഉള്ളില്‍ പ്രവേശിക്കുന്നത്. പരിപാടി കഴിഞ്ഞ് തിരിച്ചുപോകുന്ന വേളയിലാണ് ഇത് വലിയ പ്രയാസമുണ്ടാക്കുന്നത്. എല്ലാവരും ഒരേ സമയം പോകുന്നതിനാല്‍ നിലവിലെ സെക്യൂരിറ്റി ജീവനക്കാര്‍ മുഴുവന്‍ അവര്‍ക്ക് വാഹനം എത്തിച്ചുകൊടുക്കാനുള്ള തിരക്കിലാകുന്നു. ഇത് പാര്‍ക്കിങ് ഏരിയകളില്‍ വന്‍തിരക്കിനിടയാക്കുന്നതായി സന്ദര്‍ശകര്‍ പരാതിപ്പെട്ടു.
Next Story

RELATED STORIES

Share it