Pravasi

കത്താറയില്‍ നോര്‍ഡിക് മാതൃകയിലുള്ള ബീച്ച് ക്ലബ്ബ് തുറക്കുന്നു



ദോഹ: സ്‌കാന്‍ഡിനേവിയന്‍ ആരോഗ്യ, സുഖ ചികില്‍സാ മാതൃകയിലുള്ള ബീച്ച് ക്ലബ്ബും സ്പായും കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ ഉടന്‍ തുറക്കും. കത്താറയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്ലബ്ബില്‍ 25 മീറ്റര്‍ ഔട്ട്‌ഡോര്‍ ഇന്‍ഫിനിറ്റി പൂള്‍, കുടിലുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ബീച്ച്, സണ്‍ ഡെക്ക്, ജിം തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. സ്റ്റോക്ക്‌ഹോം ആസ്ഥാനമായുള്ള റെയ്‌സണ്‍ ഡിയത്രെ ആണ് ക്ലബ്ബിന്റെ നടത്തിപ്പുകാര്‍. ലിവ്‌നോര്‍ഡിക് എന്ന ബ്രാന്‍ഡില്‍ ലോകത്തെ 60ഓളം രാജ്യങ്ങളില്‍ 120 സ്പാകള്‍ ഇവര്‍ നടത്തുന്നുണ്ട്. എസ്പ്ലനേഡിന്റെ വടക്കുഭാഗത്തായി താഴികക്കുടത്തോട് കൂടിയുള്ള കെട്ടിടത്തിലാണ് കത്താറയിലെ ക്ലബ്ബ് പ്രവര്‍ത്തിക്കുക. സ്വകാര്യ മെംബര്‍മാര്‍ക്കായാണ് പ്രധാനമായും ക്ലബ്ബിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാനാവുക. വ്യക്തികള്‍ക്ക് ഒരു വര്‍ഷത്തേക്ക് 23,000 റിയാലും കുടുംബത്തിന് 35,000 റിയാലുമാണ് മെംബര്‍ഷിപ്പ് ഫീസ്. അംഗങ്ങളല്ലാത്തവര്‍ക്ക് വാരാന്ത്യങ്ങളില്‍ 300 റിയാലും മറ്റു ദിവസങ്ങളില്‍ 250 റിയാലും കൊടുത്താല്‍ ഒരു ദിവസത്തേക്കുള്ള പാസ് ലഭിക്കും. ഔദ്യോഗികമായി തുറന്നിട്ടില്ലെങ്കിലും അംഗങ്ങളാവാന്‍ താല്‍പര്യമുള്ളവര്‍ക്ക് സ്ഥലം സന്ദര്‍ശിക്കാവുന്നതാണ്. ജൂലൈ മധ്യത്തോടെ തുറക്കാനാണ് ലക്ഷ്യമിടുന്നത്. 4,600 ചതുരശ്ര മീറ്റര്‍ വിസ്താരമുള്ള ക്ലബ്ബില്‍ തീരത്തിന് അഭിമുഖമാണ് ഔട്ട്‌ഡോര്‍ നീന്തല്‍ക്കുളം. സൂര്യസ്‌നാനം ചെയ്യാനുള്ള സ്ഥലവും 230 മീറ്റര്‍ നീളത്തില്‍ വിശ്രമത്തിനുള്ള കുടിലുകളും ചാരുകസേരകളും ഉള്‍പ്പെടെയുള്ള ബീച്ചുമുണ്ട്. കെട്ടിടത്തിനകത്താണ് നോര്‍ഡിക് മാതൃകയില്‍ പ്രകൃതി ദത്ത വസ്തുക്കള്‍ ഉപയോഗിച്ചുള്ള സുഖ ചികില്‍സാ സൗകര്യങ്ങള്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും  പ്രത്യേക സൗകര്യങ്ങളുണ്ട്. കത്താറയില്‍ ഈ വര്‍ഷം തുറക്കാനിരിക്കുന്ന നിരവധി പുതിയ സംരംഭങ്ങളില്‍ ഒന്നാണ് ബീച്ച് ക്ലബ്ബ്. ഷോപ്പിങിനു വേണ്ടിയുള്ള ഓപ്പണ്‍ എയര്‍ കോംപ്ലക്‌സ് കത്താറ പ്ലാസ, സമ്മാനപ്പൊതിയുടെ രൂപത്തില്‍ നിര്‍മിച്ച കുട്ടികളുടെ മാള്‍, ഏവിയന്‍ സ്പാ, റോബോട്ടിക്‌സ് ലാബ്, വലിയ മിഠായിക്കട തുടങ്ങിയവയൊക്കെ ഈ വര്‍ഷം തുറക്കാനിരിക്കുകയാണ്.
Next Story

RELATED STORIES

Share it