കതിരൂര്‍ മനോജ് വധക്കേസ് ; പി ജയരാജന്റെ ജാമ്യാപേക്ഷ 18ലേക്കു മാറ്റി

തലശ്ശേരി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി വി ജെ അനില്‍കുമാറാണ് ഈ മാസം 18ലേക്കു മാറ്റിവച്ചത്.
ഹരജിയില്‍ സിബിഐയ്ക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. ചോദ്യംചെയ്യലിനു ഹാജരാവുന്നതില്‍ എതിര്‍പ്പില്ലെന്നും തിരുവനന്തപുരത്ത് ആറു മണിക്കൂര്‍ ചോദ്യംചെയ്യലിനു വിധേയനായതാണെന്നും പി ജയരാജന്‍ കോടതിയെ ബോധിപ്പിച്ചു. കേസില്‍ ഒരു തവണ സിബിഐയ്ക്കു മുന്നില്‍ ചോദ്യംചെയ്യലിനു ഹാജരായ പി ജയരാജന്‍ പിന്നീട് മൂന്നു തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്ന് സിബിഐ വീണ്ടും നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയത്. അതേസമയം, പി ജയരാജന്‍ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്ന തിരുവനന്തപുരത്താണുള്ളത്. ഇതു രണ്ടാംതവണയാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുന്നത്.
കഴിഞ്ഞ ജൂലൈയില്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ, പ്രതിയാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി തള്ളിയിരുന്നു. ജില്ലാ സെഷന്‍സ് കോടതി ഹരജി വീണ്ടും തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണു ജയരാജന്റെ നീക്കം. അതേസമയം, കേസന്വേഷിക്കുന്ന സിബിഐ സംഘം തലശ്ശേരിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it