Flash News

കതിരൂര്‍ മനോജ് വധം ഭീകരപ്രവര്‍ത്തനമല്ല : സര്‍ക്കാര്‍



കൊച്ചി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിന്റെ കൊലപാതകത്തെ ഭീകരപ്രവര്‍ത്തനമായി കാണാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ, പരമാധികാരം എന്നിവയ്ക്ക് ഭീഷണിയായി ഒന്നും കേസിലില്ല. അതിനാല്‍, യുഎപിഎ നിയമപ്രകാരമുള്ള കുറ്റകൃത്യമായി ഈ സംഭവത്തെ കാണാനാവില്ലെന്നും അഡീഷനല്‍ സെക്രട്ടറി സിംജി ജോസഫ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. യുഎപിഎ നിയമപ്രകാരം നടപടി തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കണം, കേസില്‍ യുഎപിഎ ചുമത്തിയത് റദ്ദാക്കണം, പ്രോസിക്യൂഷന്‍ അനുമതിക്കുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണു തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ച് കേസിലെ ഒന്നാംപ്രതി വിക്രമന്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. കേസിലെ 25ാംപ്രതി സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനും സമാനമായ ആവശ്യമുന്നയിച്ച് ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. സാഹചര്യം അനുവദിക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിനു പ്രോസിക്യൂഷന്‍ അനുമതി നല്‍കാമെന്നാണ് യുഎപിഎ നിയമം പറയുന്നത്. പക്ഷേ, സിബിഐ ഒരിക്കല്‍പോലും അനുമതിക്കായി സമീപിച്ചില്ല. യുഎപിഎ നിയമത്തിലെ മൂന്നാം അധ്യായത്തില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിന് സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അധികാരം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലും പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. സംസ്ഥാനത്തിനകത്ത് മാത്രം നടക്കുന്ന അന്വേഷണത്തിന് ആ സര്‍ക്കാരിന്റെ സമ്മതം നിര്‍ബന്ധമാണ്. സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് സിബിഐ കേസ് ഏറ്റെടുത്തതും അന്വേഷണം പൂര്‍ത്തിയാക്കിയതും. കൊലപാതകം നടന്നിരിക്കുന്നത് കേരളത്തിന്റെ അധികാരപരിധിക്കകത്താണ്. സംഭവം ഭീകരപ്രവര്‍ത്തനമാണെന്ന് ആരോപണമില്ല. ഇതിനാലൊക്കെയും കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാനുള്ള അധികാരം സംസ്ഥാനസര്‍ക്കാരിനാണെന്ന് സത്യവാങ്മൂലം പറയുന്നു. 2014 സപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെടുന്നത്. 12ന് കേസ് സിബിഐക്കു കൈമാറി. 2015 മാര്‍ച്ച് ആറിന് കുറ്റപത്രം തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍നടപടികള്‍ക്കായി 2015 മാര്‍ച്ച് 11ന് കോടതി ഇത് സ്വീകരിച്ചു. ഇതിനുശേഷം മേല്‍ക്കോടതി നിര്‍ദേശപ്രകാരം കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി. കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ മുന്‍കൂര്‍ അനുമതിയില്ലാതെ വിചാരണകോടതി നടപടികള്‍ സ്വീകരിക്കരുതെന്നാണ് യുഎപിഎ നിയമം പറയുന്നത്. 2015 ഏപ്രില്‍ ഏഴിനാണ് പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചതെങ്കിലും അതിനു മുമ്പ് 2015 മാര്‍ച്ച് 11ന് തലശ്ശേരി കോടതി കുറ്റപത്രം തുടര്‍നടപടികള്‍ക്കായി സ്വീകരിച്ചതായും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it