കതിരൂര്‍ മനോജ് വധം: ജയരാജന്‍ മുഖ്യ ആസൂത്രകനെന്ന് സിബിഐ

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിചേര്‍ക്കാനിടയാക്കിയ തെളിവുകള്‍ പ്രത്യേകമായി രേഖപ്പെടുത്തിയ കേസ് ഡയറി ഹാജരാക്കാന്‍ സിബിഐക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ വൈകിയ നടപടിയെ ജസ്റ്റിസ് കെ ടി ശങ്കരന്‍, ജസ്റ്റിസ് കെ പി ജോതീന്ദ്രനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു.
തുടര്‍ന്ന് രേഖകള്‍ പ്രാഥമികമായി പരിശോധിച്ചാണ് ജയരാജനെതിരേയുള്ള തെളിവുകള്‍ പ്രത്യേകം ഹാജരാക്കാന്‍ ഉത്തരവിട്ടത്. അതേസമയം, മനോജ് വധക്കേസിലെ മുഖ്യ ആസൂത്രകനും ബുദ്ധികേന്ദ്രവും പി ജയരാജനാണെന്ന് സിബിഐ അറിയിച്ചു. ഗൂഢാലോചനയിലടക്കം ജയരാജന്റെ പങ്കിന് കൃത്യമായ തെളിവുണ്ടെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇരയെ ഉന്‍മൂലനം ചെയ്യുകയാണു പ്രതി ചെയ്തതെന്നും സിബിഐയുടെ വിശദീകരണ പത്രികയില്‍ പറയുന്നു.
നിഷ്പക്ഷ അന്വേഷണം തടയാനാണു ശ്രമം. സുപ്രധാന തെളിവുകളും വസ്തുതകളും പ്രതിയെ ചോദ്യംചെയ്യുന്നതിലൂടെ പുറത്താവും. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ജയരാജന്റെ ആരോപണം സിബിഐ നിഷേധിച്ചു. ജയരാജനെ പ്രതിചേര്‍ത്തത് ദുരുദ്ദേശ്യപരമല്ലെന്നും അന്വേഷണ ഏജന്‍സിക്കെതിരേ ആരോപണമുന്നയിക്കുന്നത് കുറ്റവാളികളെ രക്ഷിക്കാനാണെന്നും സിബിഐ വിശദീകരിച്ചു.
കേസ് ഡയറിയും അന്വേഷണ വിശദാംശങ്ങളും പരിശോധിക്കാന്‍ അനുവദിക്കണമെന്ന ജയരാജന്റെ ആവശ്യം അനുവദിക്കാനാവില്ല. ഇതു തെളിവു നശിപ്പിക്കാനിടയാക്കും. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയത് ഹൈക്കോടതി ശരിവച്ചിട്ടുണ്ടെന്നും സിബിഐ അറിയിച്ചു. എന്നാല്‍ രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാനും തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടും അന്യായമായാണ് പ്രതിചേര്‍ത്തതെന്ന് ജയരാജന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
യുഎപിഎ നിയമപ്രകാരം കേസ് ചുമത്താന്‍ മതിയായ കുറ്റം ആരോപണങ്ങളില്‍ പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സ്‌ഫോടനമുണ്ടാക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുമാണു മനോജിനെ മൃഗീയമായി കൊലപ്പെടുത്തിയതെന്നു ഹരജിയില്‍ കക്ഷി ചേര്‍ന്ന മനോജിന്റെ സഹോദരന്‍ ഉദയകുമാര്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരേ യുഎപിഎ നിയമം ചുമത്തിയതു ശരിയായ നടപടിയാണെന്നും ജാമ്യം അനുവദിക്കരുതെന്നും ഉദയകുമാറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it