കണ്‍സ്യൂമര്‍ഫെഡ് അഴിമതി: ലോകായുക്ത ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ഫെഡില്‍ 100 കോടിയിലധികം രൂപയുടെ അഴിമതി നടന്നുവെന്ന കേസ് ലോകായുക്ത ഇന്നു പരിഗണിക്കും. ജസ്റ്റിസുമാരായ പയസ് സി കുര്യാക്കോസ്, കെ പി ബാലചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ടോമിന്‍ തച്ചങ്കരി കണ്‍സ്യൂമര്‍ഫെഡ് എംഡിയായി ചുമതലയേറ്റ ശേഷം ഇവിടെ നടക്കുന്ന ക്രമക്കേടുകള്‍, നിയമലംഘനങ്ങള്‍ എന്നിവയെക്കുറിച്ചു തെളിവുകള്‍ സഹിതം സര്‍ക്കാരിനു ഹരജിക്കാരന്‍ 25ഓളം പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍, ഈ പരാതികളില്‍മേല്‍ സര്‍ക്കാരും സഹകരണവകുപ്പും യാതൊരുവിധ നടപടിയും കൈക്കൊണ്ടിട്ടില്ല. ഇതിനെ ചോദ്യംചെയ്തുകൊണ്ട് നല്‍കിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്.
ലോകായുക്തയില്‍ നല്‍കിയിരിക്കുന്ന ഹരജിയില്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, സഹകരണവകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി, കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ്, മുന്‍ എംഡിമാരായ റിജി ജി നായര്‍, സുനില്‍കുമാര്‍, സഹകരണവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്നിവര്‍ എതിര്‍കക്ഷികളാണ്.കേസ് ആഗസ്തില്‍ കോടതി വാദം കേട്ടപ്പോള്‍ കണ്‍സ്യൂമര്‍ഫെഡ് അഴിമതികളെക്കുറിച്ച് ടോമിന്‍ തച്ചങ്കരി സര്‍ക്കാരിനും സഹകരണവകുപ്പിനും നല്‍കിയ പരാതികളും റിപോര്‍ട്ടുകളും ഹരജിക്കാരന്‍ കോടതിയില്‍ ഹാജരാക്കാന്‍ ലോകായുക്ത ഉത്തരവിട്ടിരുന്നു.
ഇതുസംബന്ധിച്ചുള്ള പരാതികളും റിപോര്‍ട്ടുകളും ഹരജിക്കാരന്‍ വിവരാവകാശ നിയമപ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസിലും സഹകരണവകുപ്പിലും ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കഴിയില്ല എന്ന് അറിയിച്ചു. അതിനാല്‍ ലോകായുക്ത നേരിട്ട് സര്‍ക്കാരിനോടു പ്രസ്തുത രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരനായ പാച്ചിറ നവാസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it