കണ്‍മണി പറക്കുന്നു, ആത്മവിശ്വാസം ചിറകാക്കി

പി പി ഷിയാസ്

തിരുവനന്തപുരം: ''വിധിയുടെ വികൃതിക്കു മുന്നില്‍ തളരാനാവില്ല. ഒന്നിനോടും തോറ്റുകൊടുക്കാന്‍ ഇഷ്ടമില്ലെനിക്ക്. ഈ കുറവ് ഒരു വിഷമമായി തോന്നുന്നില്ല. പഠിച്ച് നല്ലൊരു നിലയിലെത്തണം.'' ശാസ്ത്രീയ സംഗീത വേദികളില്‍ രാഗവും താളവും പിഴയ്ക്കാതെ ഈ കൊച്ചുമിടുക്കി വിസ്മയപ്രകടനം നടത്തുമ്പോള്‍ വിധി തോറ്റ് കൈകൂപ്പും.
ജന്മനാ കാലുകള്‍ക്ക് ശേഷിയില്ലാത്തതും ഇരുകൈകളുമില്ലാത്ത മാവേലിക്കര സ്വദേശിനി കണ്‍മണിക്ക് ദൃഢനിശ്ചയവും ഉറ്റവരുടെ പിന്തുണയുമാണ് ശക്തി. ഒമ്പതു വര്‍ഷമായി ശാസ്ത്രീയ സംഗീതത്തിന്റെ കൂട്ടുകാരിയായ കണ്‍മണി ആദ്യമായൊന്നു ചുവടുമാറ്റിയപ്പോള്‍ കിട്ടിയത് മൂന്നാംസ്ഥാനവും എ ഗ്രേഡും. എച്ച്എസ് വിഭാഗം അഷ്ടപദി മല്‍സരത്തിലാണ് ഈ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി നേട്ടത്തിന്റെ തേരിലേറിയത്.
നാലാം ക്ലാസ് വരെ സിബിഎസ്‌സിയില്‍ ആയതിനാല്‍ അഞ്ചാംക്ലാസ് മുതലാണ് മല്‍സരവേദിയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ശാസ്ത്രീയ സംഗീതത്തില്‍ മൂന്നാംസ്ഥാനം നേടി.
താളമെന്നു പേരിട്ട വേദി 14ല്‍ കണ്‍മണി പാടാനിരുന്നപ്പോള്‍ തന്നെ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ വരവേറ്റത്. അഷ്ടപദിക്ക് ചേകിലയോ ഇടക്കയോ ഉപയോഗിക്കാമെന്നിരിക്കെ കൈയില്ലാത്തതിനാല്‍ കാല്‍കൊണ്ടാണ് കണ്‍മണി ചേകിലയില്‍ താളമിട്ടത്.
കാന്‍വാസില്‍ ബ്രഷും പെന്‍സിലും കൊണ്ട് ഇന്ദ്രജാലം തീര്‍ക്കുന്ന കണ്‍മണിക്ക് അഷ്ടപദി പഠിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. അതാണ് ഇത്തവണ ഒരു കൈ നോക്കാന്‍ പുല്ലുകുളങ്ങര സ്വദേശി സിബിന്റെ ശിഷ്യത്വം തേടിയത്.
നാട്ടില്‍ വിവിധ വേദികളില്‍ കച്ചേരി അവതരിപ്പിച്ചിട്ടുള്ള ഈ കൊച്ചുമിടുക്കി കഴിഞ്ഞ വര്‍ഷം സംസ്‌കൃത ഗാനാലാപനത്തിലും മൂന്നാമതെത്തിയിരുന്നു. എന്താണ് ജീവിതാഭിലാഷമെന്നു ചോദിച്ചാല്‍ മനക്കരുത്തിന്റെ പ്രഭ ചാലിച്ച പുഞ്ചിരിയുടെ അകമ്പടിയോടെ കണ്‍മണി പറയും, സ്വാതിതിരുനാള്‍ സംഗീതകോളജിലെ അധ്യാപികയാവണം.
Next Story

RELATED STORIES

Share it