കണ്ണൂര്‍ സ്‌ഫോടനം: ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍ സ്‌ഫോടനം: ഒരാള്‍ അറസ്റ്റില്‍
X
explosion-newyork
കണ്ണൂര്‍: പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ ഹൗസിങ് കോളനിയില്‍ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് പൂര്‍ണമായി തകര്‍ന്നത് അഞ്ചു വീടുകള്‍. അപകടം നടന്ന ഇരുനിലവീട് ഉള്‍പ്പെടെയാണിത്. 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 25 വീടുകള്‍ക്ക് ജനല്‍ച്ചില്ല് തകര്‍ന്നും മറ്റും കേടുപാടുകള്‍ സംഭവിച്ചു. കോളനിയിലെ താമസക്കാരനായ പന്നേന്‍പാറ സ്വദേശി അനൂപ് എന്ന അനൂപ് മാലിക്കിന്റെ വീട്ടില്‍ വ്യാഴാഴ്ച അര്‍ധരാത്രി 11.30ഓടെയാണു സംഭവം.
കക്കാട് സ്വദേശിയുടെ ഭാര്യ റാഹിലയും ഇവരുടെ മകള്‍ ഹിബയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. പരിയാരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന ഹിബയ്ക്ക് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഹിബ ഉള്‍പ്പെടെ പരിസരവാസികളായ നാലുപേര്‍ക്കു പരിക്കേറ്റു. റാഹില വീടിനു പുറത്തായതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ അനൂപിനെ ടൗണ്‍ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ അനധികൃതമായി വെടിമരുന്നുകള്‍ സൂക്ഷിച്ചതാണെന്ന് വ്യക്തമായിട്ടുണ്ട്.
സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതിന് ഇയാള്‍ക്കെതിരേ രണ്ടു കേസ് ഉണ്ടായിരുന്നതായി സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ അറിയിച്ചു. കൂത്തുപറമ്പിലെ ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ടാണ് വെടിമരുന്ന് സൂക്ഷിച്ചതെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. അതേസമയം, സംഭവത്തില്‍ ദുരൂഹത  നീങ്ങിയില്ല. സ്‌ഫോടനം അബദ്ധത്തില്‍ സംഭവിച്ചതാണോ മനപ്പൂര്‍വം സൃഷ്ടിച്ചതാണോ എന്നു വ്യക്തമായിട്ടില്ല.
രണ്ടാംനിലയില്‍ സൂക്ഷിച്ച വെടിമരുന്നിനാണ് ആദ്യം തീപ്പിടിച്ചത്. പിന്നീട്  ചാക്കുകളില്‍ സൂക്ഷിച്ച വെടിക്കോപ്പുകളിലേക്ക് തീ പടരുകയായിരുന്നു. കാറും ബൈക്കും കോണ്‍ക്രീറ്റ് വീണു തകര്‍ന്ന നിലയിലാണ്. തൊട്ടടുത്ത അഞ്ച് വീടുകളുടെ അടിത്തറ ഇളകിയിട്ടുണ്ട്. ജനല്‍ച്ചില്ലുകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും പൂര്‍ണമായും തകര്‍ന്നു. വീടുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതുവരെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനാണു തീരുമാനം.  [related]
Next Story

RELATED STORIES

Share it