kannur local

കണ്ണൂര്‍ സര്‍വകലാശാലയില്‍ സിവില്‍ സര്‍വീസ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് സജ്ജമായി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് കാംപസില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വീസ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉത്തരമലബാറിലെ വിദ്യാര്‍ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഈ സ്ഥാപനം സര്‍വകലാശാലയുടെ പുതിയ സംരംഭങ്ങളിലൊന്നാണ്.
സപ്തംബറില്‍ ആരംഭിക്കുന്ന ആദ്യബാച്ചില്‍ 40 പേര്‍ക്ക് പ്രവേശനം അനുവദിക്കും. പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ അടിസ്ഥാനമാക്കിയുള്ള പരിശീലനമാണ് നല്‍കുക. ഈ മേഖലയിലെ പ്രഗത്ഭരായ അധ്യാപകരുടെ സേവനം ലഭ്യമാക്കും. ആധുനിക പഠനോപകരണങ്ങളും ശീതീകരിച്ച ക്ലാസ് മുറിയും റഫറന്‍സ് ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട്. ബയോടെക്‌നോളജി വിഭാഗം അധ്യാപകന്‍ ഡോ. എ സാബുവാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍. സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സ് ബ്ലോക്കിന്റെ ശിലാസ്ഥാപനം 3.30ന് മുഖ്യമന്തി നിര്‍വഹിക്കും. മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തിന് ശിലയിടും. പി കെ ശ്രീമതി എംപി മുഖ്യാതിഥിയാവും. സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സസിന് സ്വന്തം കെട്ടിടത്തിന് സര്‍ക്കാര്‍ ആറരക്കോടി രൂപ അനുവദിച്ചിരുന്നു.
നിലവില്‍ മൈക്രോബയോളജി, ബയോടെക്‌നോളജി പഠനവകുപ്പുകള്‍ സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സസിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ഏജന്‍സികളില്‍നിന്ന് 10 കോടിയധികം രൂപ ഇതിനകം സമ്പാദിച്ചിട്ടുള്ള ഇവിടെ 21 പിഎച്ച്ഡിയും 90 അന്താരാഷ്ട്ര പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 18 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ സൗരോര്‍ജം, മഴവെള്ള സംഭരണി, മാലിന്യനിര്‍മാര്‍ജന പ്ലാന്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും. ഊരാളുങ്കല്‍ ലേബര്‍  കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല.
നിര്‍മാണം 2020ല്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി ടി രവീന്ദ്രന്‍, രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ബാബു ആന്റോ, ഫിനാന്‍സ് ഓഫിസര്‍ ഷാജി ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it