kannur local

കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്ത് പ്രവേശനം നിരോധിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങവെ കര്‍ശന നിയന്ത്രണവുമായി വിമാനത്താവള കമ്പനി (കിയാല്‍).  പദ്ധതി പ്രദേശത്ത് പൊതുജനങ്ങളുടെ സന്ദര്‍ശനം നിരോധിച്ചു. സന്ദര്‍ശകരുടെയും വാഹനങ്ങളുടെയും ബാഹുല്യം കാരണം പ്രവൃത്തികളെ ബാധിക്കുന്ന സാഹചര്യത്തിലാണിത്. അകത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ നിര്‍മാണം നടക്കുന്ന ഭാഗങ്ങളില്‍ കേടുപാടുകള്‍ വരുത്തുന്നതും പതിവായിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പൊതുജനങ്ങളുടെ സന്ദര്‍ശനം നിരോധിച്ചത്. രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും ജനങ്ങളും സഹകരിക്കണമെന്ന് കിയാല്‍ പ്രൊജക്ട്എന്‍ജിനീയര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കാലാവസ്ഥ അനുകൂലമായതിനാല്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. റണ്‍വേ, അപ്രോച്ച് റോഡ് എന്നിവയുടെ ടാറിങും മറ്റും ഞായറാഴ്ചകളില്‍ ഉള്‍പ്പെടെ നടത്തുന്നുണ്ട്. നിലവില്‍ വിമാനത്താവളത്തിന്റെ 95 ശതമാനം പ്രവര്‍ത്തികളും പൂര്‍ത്തിയായി.എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടം പണി കഴിഞ്ഞു. 750 മീറ്റര്‍ നീളത്തില്‍ ഫ്‌ളൈ ഓവറും പൂര്‍ത്തിയായി. ഉദ്ഘാടനത്തിന്റെ ആദ്യഘട്ടമായ പരീക്ഷണ പറക്കല്‍ 2018 ജനുവരിയില്‍ നടത്താനാണ് തീരുമാനം. ഇതിനാവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഇൗയാഴ്ച തീരും. ജനുവരിയില്‍ നാവികവിദ്യാ പരിശോധന നടത്തും. ഫെ്രബുവരിയോടെ നിര്‍മാണപ്രവര്‍ത്തനങ്ങളും മറ്റു സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്ന ജോലികളും പൂര്‍ത്തിയാവും. ഫെബ്രുവരി 28നകം കമ്മീഷനിങിന് ആവശ്യമായ പരിശോധനകളും പശ്ചാത്തല സൗകര്യ സംവിധാനങ്ങളുടെ ഏകോപന പ്രവൃത്തിയും പൂര്‍ത്തിയാവും. പിന്നീട് ലൈസന്‍സ് കിട്ടുന്നതിനുള്ള താമസം മാത്രമായിരിക്കും ഉണ്ടാവുക. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമെന്ന നിലയില്‍ ഉന്നത സാങ്കേതിക സംവിധാനങ്ങളും ഉയര്‍ന്ന മാനദണ്ഡങ്ങളുമാണ് ഒരുക്കേണ്ടത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സ് (ഡിജിസിഎ), ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍സ് (ബിസിഎഎസ്), എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) എന്നിവയാണ് വിവിധ സാങ്കേതിക ലൈസന്‍സുകള്‍ നല്‍കേണ്ടത്. ഇതിനു പുറമെ കസ്റ്റംസ്, എമിഗ്രേഷന്‍, സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കണം. ഈ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
Next Story

RELATED STORIES

Share it