kannur local

കണ്ണൂര്‍ വിമാനത്താവള നിര്‍മാണം ദ്രുതഗതിയില്‍



മട്ടന്നൂര്‍: അടുത്ത സപ്തംബറില്‍ പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം ത്വരിതഗതിയില്‍. തുടക്കത്തില്‍ തന്നെ രാജ്യാന്തര വിമാനക്കമ്പനികള്‍ ഇവിടെനിന്നു സര്‍വീസ് നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രാജ്യാന്തര പദവി നേടിയത്. ജെറ്റ് എയര്‍വേയ്‌സ് അബൂദബിയിലേക്കും ഗോ എയര്‍ ദമാമിലേക്കും സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രധാന നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. ഡിവിആര്‍ സിഗ്‌നല്‍ കേന്ദ്രത്തിന്റെ പ്രവൃത്തി ഇതിനകം പൂര്‍ത്തിയായി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടം ഫയര്‍ സ്‌റ്റേഷന്‍, ഇന്ധനപ്പാടം, വര്‍ക്‌ഷോപ്പ് എന്നിവയും പ്രവര്‍ത്തനസജ്ജമായി. ടെര്‍മിനല്‍ കെട്ടിടത്തിന്റെ 85 ശതമാനം എസിപി വര്‍ക്കുകളും പൂര്‍ത്തിയായിട്ടുണ്ട്. കെട്ടിടത്തിനകത്തെ മറ്റു പ്രവൃത്തികളും അതിവേഗം പുരോഗമിക്കുകയാണ്. ഇന്റീരിയര്‍ ഡക്കറേഷന്‍ പണികള്‍ നടക്കുന്നു. വിമാനത്താവളം പൂര്‍ത്തിയാവുന്നതോടെ പദ്ധതി പ്രദേശത്തിന് ചുറ്റുമുള്ള കാര്‍ഷികമേഖലകളെ പ്രോല്‍സാഹിപ്പിക്കാനും കൃഷിസ്ഥലം നിലനിര്‍ത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി പദ്ധതിപ്രദേശത്ത് ജൈവവൈവിധ്യ വകുപ്പ് മേധാവികള്‍ പരിശോധന നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് റണ്‍വേയ്ക്കു ചുറ്റും പുല്‍ത്തകിടികള്‍ വച്ചുപിടിപ്പിക്കുകയാണ്. പ്രാരംഭ ലക്ഷ്യമനുസരിച്ച് പദ്ധതിപ്രദേശത്ത് ഇതിനകം 3050 മീറ്റര്‍ റണ്‍വേ പൂര്‍ത്തിയാക്കി. ടാക്‌സി വേ, ഏപ്രണ്‍ എന്നിവയുടെ നിര്‍മാണവും പൂര്‍ത്തിയായി. ടെര്‍മിനല്‍ സ്‌റ്റേഷന്റെ 85 ശതമാനവും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പ്രതിവര്‍ഷം 46.7 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലാണ് വിമാനത്താവളം സജ്ജമാകുന്നത്. വര്‍ഷത്തില്‍ 60,578 ടണ്‍ ചരക്കുനീക്കം നടക്കുമെന്നാണ് വിലയിരുത്തല്‍. നിര്‍മാണ പ്രവര്‍ത്തനത്തിനായി ദിനേന 50 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. ചാവശ്ശേരി ട്രീറ്റ്‌മെന്റ് പ്ലാന്റില്‍നിന്ന് 6.6 കോടി രൂപ ചെലവില്‍ 8.7 കിലോമീറ്റര്‍ നീളത്തില്‍ പുതിയ പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് ഈ പദ്ധതി പൂര്‍ത്തിയാക്കി. കനത്തമഴ, വിവിധ സമരങ്ങള്‍ എന്നിവ കാരണം നിരവധിപ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഓണത്തിന് പ്രവര്‍ത്തനസജ്ജമാവുമെന്ന് പ്രതീക്ഷിച്ച വിമാനത്താവളത്തില്‍ വാണിജ്യ സര്‍വീസ് 2018 സപ്തംബറില്‍ ആരംഭിക്കും. ഇതിനകം വിമാനത്താവളം 80 ശതമാനവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ അനുമതിയും ലൈസന്‍സുകളും ഇനിയും ലഭിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം ഫിബ്രവരി 29ന് വ്യോമസേനയുടെ ഡോണിയര്‍ 228 വിമാനം ഉപയോഗിച്ച് പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. വിമാനത്താവളത്തില്‍ പ്രഥമ യാത്രാവിമാനം ഇറക്കുന്നതിനായി വിമാനക്കമ്പനികള്‍ കിയാലുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മാര്‍ച്ചിനകം പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം നിര്‍മാണം പൂര്‍ണമായും രാജ്യാന്തര നിലവാരത്തില്‍ പൂര്‍ത്തിയാവും. വിമാനത്താവളത്തിനു വെളിയിലെ റോഡ് ഗതാഗതസൗകര്യവും മറ്റു അനുബന്ധ സൗകര്യങ്ങളും വികസിപ്പിക്കുന്നതിന് 126 കോടി രൂപയുടെ പ്രവൃത്തി ഉടനെ ടെന്‍ഡര്‍ ചെയ്യും. തൊഴില്‍ നിയമനത്തിനുള്ള നടപടിയും പുരോഗമിക്കുന്നു. വിമാനത്താവളത്തിനായി കുടിയൊഴിക്കപ്പെട്ട കുടുംബങ്ങളിലെ ഒരാള്‍ക്കു വീതം ജോലി സംവരണം ഉറപ്പുവരുത്താനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it