കണ്ണൂര്‍ വിമാനത്താവളം: നിര്‍ണായക പരിശോധന ഈ മാസം അവസാനം

സുബൈര്‍ ഉരുവച്ചാല്‍
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം അവസാന മിനുക്കുപണികളിലേക്ക് കടന്നു. സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) ലൈസന്‍സിനുള്ള നടപടിക്രമങ്ങള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയായാല്‍ സപ്തംബറില്‍ വിമാനമുയരും. 95 ശതമാനം പ്രവൃത്തിയും ഇതിനകം പൂര്‍ത്തിയായി. ഇനി ലൈസന്‍സിനായുള്ള കാത്തിരിപ്പാണ്.
നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം സിവില്‍ വ്യോമയാന വകുപ്പിന്റെ പരിശോധന തുടങ്ങും. ആഗസ്‌തോടെ ലൈസന്‍സ് നേടിയെടുക്കാനാവുമെന്നാണ് പ്രതീക്ഷ. വൈദ്യുതി കണക്ഷന്‍ ലഭിച്ചതോടെ വിവിധ സംവിധാനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി. വിമാന കമ്പനികളുടെ പ്രതിനിധികളെ അടുത്ത മാസം സന്ദര്‍ശിക്കാന്‍ ക്ഷണിക്കും. നിര്‍ണായകമായ സുരക്ഷാ പരിശോധന അടുത്ത ആഴ്ചയോ ഈ മാസം അവസാനവാരമോ നടക്കും.
ഡിജിസിഎയുടെയും സിവില്‍ വ്യോമയാന സുരക്ഷാ വിഭാഗത്തിന്റെയും (ബിസിഎഎസ്) സംയുക്ത പരിശോധനയ്ക്കു ശേഷമാണ് ലൈസന്‍സ് ലഭിക്കുക. ഇതു ലഭിച്ചാല്‍ ജൂണിലോ ജൂലൈയിലോ വിമാനത്താവളം കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് കിയാല്‍ അധികൃതരുടെ പ്രതീക്ഷ. ആഭ്യന്തര വകുപ്പിന്റെയും എമിഗ്രേഷന്‍ അധികൃതരുടെയും സംയുക്ത പരിശോധന കഴിഞ്ഞ ദിവസം നടന്നു. സുരക്ഷാ പരിശോധനയ്ക്കു മുമ്പ് വിമാനത്താവളത്തിലെ എല്ലാവിധ നിര്‍മാണ പ്രവൃത്തികളും പൂര്‍ത്തിയാക്കും. റണ്‍വേയില്‍ വിമാനമിറങ്ങുന്നത് എളുപ്പമാക്കുന്ന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സംവിധാനവും ഏര്‍പ്പെടുത്തും.
കണ്ണൂരില്‍ നിന്ന് ആദ്യഘട്ടത്തില്‍ ആറ് അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി പ്രകാരം 24 ആഭ്യന്തര സര്‍വീസുകളും തുടങ്ങിയേക്കും. വിമാന കമ്പനികളുമായുള്ള മൂന്നാംഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിരവധി കമ്പനികള്‍ കണ്ണൂരില്‍ നിന്നു സര്‍വീസിനു താല്‍പര്യം അറിയിച്ചു രംഗത്തുണ്ട്. ദുബയ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഉദ്ഘാടന ദിവസം തന്നെ സര്‍വീസുകളുണ്ടാവും. ഗോവ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വ്യോമപാത ലഭിക്കും.
വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയ്ക്കായി സിഐഎസ്എഫില്‍ 634 പേരെയും എമിഗ്രേഷന്‍ വിഭാഗത്തില്‍ 145 പേരെയും കസ്റ്റംസില്‍ 78 പേരെയും നിയോഗിക്കും. നിയമന നടപടികള്‍ പൂര്‍ത്തിയായിവരുകയാണ്. രണ്ടു ഫയര്‍ സ്‌റ്റേഷനുകളിലേക്കുള്ള ജീവനക്കാരുടെ പരിശീലനവും തുടങ്ങി. റണ്‍വേ എതാണ്ട് പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷത്തെ മഴ നീണ്ടുപോയതോടെയാണ് റണ്‍വേയുടെ പടിഞ്ഞാറുഭാഗത്തെ സുരക്ഷാ മേഖലയുടെ നിര്‍മാണം വൈകിയത്. ഇവിടത്തെ സുരക്ഷാ മതിലിന്റെ (ആര്‍ഇ വാള്‍) നിര്‍മാണം പുനരാരംഭിച്ച് 95 ശതമാനത്തോളം പൂര്‍ത്തിയാക്കി.
നാലായിരം മീറ്റര്‍ റണ്‍വേയുടെ 3050 മീറ്റര്‍ ഭാഗം ഒരു വര്‍ഷം മുമ്പുതന്നെ വിമാനത്താവള പദ്ധതിപ്രദേശത്ത് സജ്ജീകരിച്ചിരുന്നു. വിമാനത്താവളത്തിനായി ഇനിയും ആവശ്യമായ ഭൂമി അളന്നു തിട്ടപ്പെടുത്തിക്കഴിഞ്ഞു. ഇനി വില നിശ്ചയിച്ച് ഏറ്റെടുക്കും. റണ്‍വേ, ഏപ്രണ്‍, ടാക്‌സി വേ എന്നിവയില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്.
Next Story

RELATED STORIES

Share it