കണ്ണൂര്‍ വിമാനത്താവളം: നാലു പദ്ധതികള്‍ക്ക് അനുമതി

തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കണക്ടിവിറ്റി പാക്കേജായി നാലു പദ്ധതികള്‍ നടപ്പാക്കുന്നതിന്  മന്ത്രിസഭ അനുമതി നല്‍കി. തലശ്ശേരി-കൊടുവള്ളി- മമ്പറം- അഞ്ചരക്കണ്ടി- മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ മട്ടന്നൂര്‍ മുതല്‍ വായന്തോട് വരെയുള്ള ഭാഗം ഉള്‍പ്പെടുത്തും. കുറ്റിയാടി- നാദാപുരം- പെരിങ്ങത്തൂര്‍- മേക്കുന്ന്- പാനൂര്‍- പൂക്കോട്- കൂത്തുപറമ്പ്- മട്ടന്നൂര്‍ റോഡ്, മാനന്തവാടി ബോയിസ് ടൗണ്‍- പേരാവൂര്‍- ശിവപുരം- മട്ടന്നൂര്‍ റോഡ് എന്നീ റോഡുകള്‍ നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി.
കൂട്ടുപ്പുഴ പാലം ഇരുട്ടി- മട്ടന്നൂര്‍- വായന്തോട്, മേലേ ചൊവ്വ- ചാലോട്- മട്ടന്നൂര്‍- എയര്‍പോര്‍ട്ട് റോഡ് റോഡുകള്‍ നാലുവരിപ്പാതയാക്കുന്നതിനും കേന്ദ്രത്തിന് ശുപാര്‍ശ നല്‍കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി തളിപ്പറമ്പ്- ചെറക്കള -മയ്യില്‍- ചാലോട് റോഡ് നാലുവരിപ്പാതയാക്കും. നൂനപക്ഷ പദവിയില്ലാത്ത എയ്ഡഡ് കോളജുകളില്‍ പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പെടുന്നവര്‍ക്ക് അധ്യാപക, അനധ്യാപക നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരേ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ അപ്പീല്‍ ഫയല്‍ ചെയ്യും. തെന്‍മല ഇക്കോ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളില്‍ ശമ്പളം പരിഷ്‌കരിക്കും. പകര്‍ച്ചവ്യാധി തടയുന്നതിനുള്ള ജില്ലാതലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രിമാര്‍ക്ക് ചുമതല നല്‍കി.
തിരുവനന്തപുരം- കടകംപള്ളി സുരേന്ദ്രന്‍, കൊല്ലം- ജെ മേഴ്‌സിക്കുട്ടിയമ്മ, പത്തനംതിട്ട- മാത്യു ടി തോമസ്, ആലപ്പുഴ- ജി സുധാകരന്‍, കോട്ടയം- കെ രാജു, ഇടുക്കി- എം എം മണി, എറണാകുളം- സി രവീന്ദ്രനാഥ്, തൃശൂര്‍- എ സി മൊയ്തീന്‍, പാലക്കാട്- എ കെ ബാലന്‍, മലപ്പുറം- ഡോ. കെ ടി ജലീല്‍, കോഴിക്കോട്- ടി പി രാമകൃഷ്ണന്‍, വയനാട്- വി എസ് സുനില്‍കുമാര്‍, കണ്ണൂര്‍- കടന്നപ്പള്ളി രാമചന്ദ്രന്‍, കാസര്‍കോട്- ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ക്കാണ് ചുമതല. ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസിന് കണ്ണൂര്‍ ആസ്ഥാനമായി പുതിയ ഡിവിഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.
Next Story

RELATED STORIES

Share it