കണ്ണൂര്‍ വിമാനത്താവളം: കാലിബറേഷന്‍ പരിശോധന ഇന്നും തുടരും

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ച ഐഎല്‍എസ് കാലിബറേഷന്‍ പരിശോധന തുടങ്ങി. ഇന്നലെ രാവിലെ 9.30 മുതല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബി350 വിടിഎഫ്‌ഐയു വിഭാഗത്തില്‍പ്പെട്ട ഇടത്തരം വിമാനം മട്ടന്നൂരിനു ചുറ്റും പറന്നാണ് കാലിബറേഷന്‍ പരിശോധന നടത്തിയത്. ആകാശവീഥി ആറു കിലോമീറ്റര്‍ വ്യാസത്തിലാണ് വിമാനം പറന്നത്. മൂന്നു മണിക്കൂറോളം വിമാനത്താവളത്തിനു ചുറ്റും സാവധാനം വട്ടമിട്ടു പറന്ന വിമാനം വൈകീട്ട് റണ്‍വേയില്‍ ഇറക്കി. പരിശോധന ഇന്ന് പൂര്‍ത്തീകരിച്ച് ഡല്‍ഹിയിലേക്കു തിരിക്കും. പരിശോധനാ റിപോര്‍ട്ട് അടുത്തദിവസം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറും.
ക്യാപ്റ്റന്‍ സന്ദീപ് കശ്യപാണ് കാലിബറേഷന്‍ വിമാനം നിയന്ത്രിച്ചത്. എയര്‍പോര്‍ട്ട് ഇന്ത്യ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ക്യാപ്റ്റന്‍ വി എന്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഐഎല്‍എസ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്. കാലാവസ്ഥ അനുകൂലമായതിനാല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കാലിബറേഷന്‍ വിമാനം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വ്യാഴാഴ്ച വൈകീട്ട് 4.30ഓടെയാണ് ഇറക്കിയത്. ലൈസന്‍സ് ലഭിക്കാനുള്ള പ്രധാന ടെസ്റ്റാണ് ഇന്നലെ നടന്നത്.
ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദ് വഴിയാണ് ഡോണിയര്‍ ഇനത്തില്‍പ്പെട്ട ചെറുവിമാനം കണ്ണൂരിലെ മൂര്‍ഖന്‍പറമ്പിലെ റണ്‍വേയില്‍ ഇറക്കിയത്. ഏതു സമയത്തും ഏതു കാലാവസ്ഥയിലും വിമാനങ്ങള്‍ സുരക്ഷിതമായി പറന്നിറങ്ങാന്‍ നിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്ന ഉപകരണമാണ് ഐഎല്‍എസ്. പൂനെയിലെ അന്തരീക്ഷ വിജ്ഞാന വിഭാഗത്തില്‍ (ഐഎംഡി) നിന്നുള്ള ഉദ്യോഗസ്ഥരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. കാലിബറേഷന്‍ വിമാനം പറന്നിറങ്ങുമ്പോള്‍ ഇവരുടെ സാന്നിധ്യം ആവശ്യമാണ്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപകരണങ്ങള്‍ അടുത്തയാഴ്ചയോടെ വിമാനത്താവളത്തിലെത്തും.
Next Story

RELATED STORIES

Share it