kannur local

കണ്ണൂര്‍ വിമാനത്താവളം: കള്ളക്കടത്ത് തടയാന്‍ മില്ലിമീറ്റര്‍ സ്‌കാനര്‍ സ്ഥാപിക്കും

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തേണ്ട വിവിധ സജ്ജീകരണങ്ങള്‍ക്കുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. കാര്‍ പാര്‍ക്കിങ്, എക്‌സ്‌റേ, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, വൈഫൈ സംവിധാനം തുടങ്ങി 31 ഇനങ്ങള്‍ക്കുള്ള ടെന്‍ഡറാണ് കിയാല്‍ ക്ഷണിച്ചത്. ഡിസംബര്‍ അവസാന വാരം വരെയാണ് ടെന്‍ഡര്‍ നല്‍കാനുള്ള കാലാവധി. മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് വ്യത്യസ്തമായി കള്ളക്കടത്ത് തടയാന്‍ മില്ലിമീറ്റര്‍ സ്‌കാനര്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. മില്ലിമീറ്റര്‍ സ്‌കാനറിലൂടെ നടന്നുപോവുന്നയാളുടെ ശരീരം പോലും വ്യക്തമായി സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഇതു സ്ഥാപിക്കുക. ഇതിന്റെ ഭാഗമായി രണ്ടുമാസം മുമ്പ് വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തനായി കസ്റ്റംസ് സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ്, ട്രോളി സംവിധാനം, യാത്രക്കാരുടെ ബാഗേജ് പരിശോധിക്കുന്ന എക്‌സ്‌റേ, വൈഫൈ ടെലി കമ്യൂണിക്കേഷന്‍ സംവിധാനം,  എമര്‍ജന്‍സി സര്‍വീസ് എന്നിവ സ്ഥാപിക്കാന്‍ 20നകം ടെന്‍ഡര്‍ നല്‍കണം. ഭക്ഷണ വിതരണം, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, ടെര്‍മിനല്‍ ലോഞ്ച് ഓപ്പറേഷന്‍ തുടങ്ങിയവ നടത്താനുള്ള ടെന്‍ഡര്‍ 30നുള്ളിലാണ് നല്‍കേണ്ടത്. പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തില്‍ അവസാനഘട്ട പ്രവൃത്തികള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാവാനുള്ളത്. ബാക്കിയുള്ള റണ്‍വേ സുരക്ഷാ മേഖലയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. വിവിധ വിമാനകമ്പനികളുടെ പ്രതിനിധികളെ ഉടന്‍ കണ്ണൂര്‍ വിമാനത്താവളം സന്ദര്‍ശിക്കാന്‍ ക്ഷണിക്കും. ഇവരുമായി വിശദമായ ചര്‍ച്ചകളും നടത്തും. 20 കമ്പനികള്‍ക്കുള്ള കൗണ്ടറുകള്‍ സജ്ജീകരിച്ചു കഴിഞ്ഞു. ജനവരി അവസാനത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ലൈസന്‍സ് നടപടികളിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് കിയാല്‍ അധികൃതര്‍. നിലവില്‍ 3050 മീറ്റര്‍ റണ്‍വേയില്‍ നിന്ന് സര്‍വീസ് ആരംഭിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. റണ്‍വേ 4000 മീറ്ററായി ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഉദ്ഘാടന സമയത്ത് 4000 മീറ്റര്‍ റണ്‍വേ ഉണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. നിലവില്‍ കീഴല്ലുര്‍ പഞ്ചായത്തിലെ കാനാട് പ്രദേശത്തെ സ്ഥലമാണ് റണ്‍വേയ്ക്കു വേണ്ടി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. സര്‍വേ പ്രവര്‍ത്തനം പൂര്‍ത്തികരിച്ച് ഭൂഉടമകള്‍ക്ക് നഷ്ടപരിഹാരം അടക്കം നല്‍കിയാല്‍ മാത്രമേ ഭുമി ഏറ്റെടുക്കാന്‍ കഴിയുകയുള്ളു. ഇതിന് ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും വേണ്ടിവരും. സിഗ്‌നല്‍ ലൈറ്റിന് വേണ്ട 9 ഏക്കര്‍ സ്ഥലം പോലും പൂര്‍ണമായും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
Next Story

RELATED STORIES

Share it