കണ്ണൂര്‍ വിമാനത്താവളംനിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. വിവിധ ഷിഫ്റ്റുകളിലായി രാവും പകലും നിരവധിപേരാണ് മൂര്‍ഖന്‍പറമ്പില്‍ ജോലിയില്‍ വ്യാപൃതരാവുന്നത്. പൂര്‍ത്തിയായ കെട്ടിടങ്ങള്‍ വൃത്തിയാക്കാനും മറ്റും തദ്ദേശീയരായ നിരവധി തൊഴിലാളികളെ നിയമിച്ചിട്ടുണ്ട്.
കിയാല്‍ കണ്‍സള്‍ട്ടന്റ് എയ്‌കോം, നിര്‍മാണ കരാറുകാരായ എല്‍ ആന്റ് ടി എന്നിവയിലെ ഉദ്യോഗസ്ഥരുടെ സജീവ സാന്നിധ്യം എല്ലായിടത്തുമുണ്ട്. ടെര്‍മിനല്‍ കെട്ടിടത്തിന്റെ അവസാന മിനുക്കുപണികള്‍ ഇതിനകം പൂര്‍ത്തിയായി. വിവിധ ഏജന്‍സികള്‍ക്കുള്ള മുറികളും രാജ്യാന്തര-ആഭ്യന്തര ടെര്‍മിനലുകളുടെ വേര്‍തിരിക്കലും ബാഗേജ് ലഭിക്കാനുള്ള കണ്‍വെയര്‍ ബെല്‍റ്റുകളും പൂര്‍ത്തിയായി. കോഡ് 4 ഇ വിഭാഗത്തില്‍പ്പെട്ട കണ്ണൂര്‍ വിമാനത്താവളത്തിന് വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന കോഡ് 4 എഫ് വിഭാഗത്തിലേക്ക് എളുപ്പം മാറാനാവും. റണ്‍വേയുടെ ഉറപ്പും വീതിയും ടാക്‌സിവേയുടെ ഘടനയുമൊക്കെ പരിഗണിച്ച് ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനാണ് കോഡ് തീരുമാനിക്കുന്നത്. എയര്‍ ബസ് 380 ഡബിള്‍ ഡെക്കര്‍ വിമാനത്തിനു യോജിച്ച വേബ്രിഡ്ജും ടെര്‍മിനല്‍ കെട്ടിടത്തിലുണ്ട്. ഇത്തരം വിമാനം ഭാവിയില്‍ കണ്ണൂരിലെത്താനുള്ള സാധ്യത പരിഗണിച്ചാണിത്.
ആഭ്യന്തര-വിദേശ യാത്രക്കാരുടെ തിരക്കിനനുസരിച്ച് ആവശ്യാനുസരണം ഉപയോഗിക്കാവുന്ന ഇന്റഗ്രേറ്റഡ് യാത്രാ ടെര്‍മിനലാണ് കണ്ണൂരില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഏഴുനില ടെര്‍മിനല്‍ കെട്ടിടത്തിന്റെ രണ്ടുനിലകള്‍ ആഭ്യന്തര-വിദേശ യാത്രികര്‍ക്കാണ്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ താമസ സൗകര്യം, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയാണ്. സിവില്‍ എവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ പരിശോധന ഇതിനകം പൂര്‍ത്തിയായി. മാസങ്ങള്‍ക്കു മുമ്പ് എയര്‍ട്രാഫിക് കണ്‍ട്രോള്‍ കെട്ടിടത്തിന്റെ ആകാശപരിശോധന നടത്തി പരിപൂര്‍ണ വിജയപ്രദമാണെന്നു വിലയിരുത്തിയിരുന്നു.
വിമാനത്താവളവും വിമാനങ്ങളും പരസ്പരം വിവരം കൈമാറുന്ന ഉപകരണങ്ങള്‍, ഡിഒആര്‍ തുടങ്ങിയവയും ഇതിനകം പൂര്‍ണമായും പരീക്ഷിച്ച് പ്രവര്‍ത്തനസജ്ജമാക്കി. കെഎസ്ഇബി സബ്‌സ്‌റ്റേഷന്‍ പ്രവര്‍ത്തനവും ആരംഭിച്ചു. വിവിധ ഭാഗങ്ങളില്‍ അവശേഷിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വിവിധ ഭാഗങ്ങളില്‍ ദിശാസൂചകങ്ങള്‍ വച്ചു തുടങ്ങി. വിമാനത്താവളത്തെ രാജ്യാന്തര വ്യോമയാന ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതിനുള്ള ഉപകരണം ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു.
Next Story

RELATED STORIES

Share it