kannur local

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ അടിപ്പാത നിര്‍മാണം അന്തിമഘട്ടത്തില്‍

കണ്ണൂര്‍: യാത്രക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ അടിപ്പാതയുടെ നിര്‍മാണം അന്തിമഘട്ടത്തില്‍. അവസാനവട്ട പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
വൈകാതെ തുറന്നുകൊടുക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 23 മീറ്റര്‍ നീളവും 4.5 മീറ്റര്‍ വീതിയുമുള്ള അടിപ്പാതയ്ക്ക് 1.97 കോടി രൂപയാണു ചെലവ്. ഉയരം 2.75 മീറ്ററാണ്. രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച പ്രവൃത്തി മഴക്കാലത്ത് തടസ്സപ്പെട്ടിരുന്നു. 2016 ഡിസംബര്‍ ആറിനായിരുന്നു പ്രവൃത്തിയുടെ ഉദ്ഘാടനം. ഒന്നാം പ്ലാറ്റ്‌ഫോമിനു സമീപം വടക്കുഭാഗത്ത് ഇരുചക്രവാഹന പാര്‍ക്കിങ് ഉണ്ടായിരുന്ന സ്ഥലത്തുനിന്നാണ് അടിപ്പാതയുടെ തുടക്കം. 2017 ഒക്ടോബറില്‍ നിര്‍മാണം പുനരാരംഭിച്ചു. ആദ്യഘട്ടത്തില്‍ ഭൂമിക്കടിയിലൂടെ രണ്ടാം പ്ലാറ്റ്‌ഫോം വരെയുള്ള ടണലിന്റെ കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കി. ആഴത്തില്‍ കുഴിയെടുത്ത് കോണ്‍ക്രീറ്റിന്റെ കൂറ്റന്‍ ചതുരസ്ലാബുകള്‍ ഓരോന്നായി ഘടിപ്പിച്ചു. അടിപ്പാത യാഥാര്‍ഥ്യമായാല്‍ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാവും.  റെയില്‍വേ മേല്‍പാലത്തിലെ തിരക്ക് പൂര്‍ണമായും ഒഴിവാക്കാനാവും. അതേസമയം, അടിപ്പാത വികസനത്തിന്റെ ഭാഗമായി പൊളിച്ചിട്ട കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ബൈക്ക് പാര്‍ക്കിങ് ഷെല്‍ട്ടര്‍ പൂര്‍ണതോതില്‍ പുനസ്ഥാപിച്ചില്ല. ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമായി പ്രധാന കവാടത്തിന്റെ വടക്കുഭാഗത്താണ് ഷെല്‍ട്ടര്‍ സ്ഥിതി ചെയ്തിരുന്നത്. എന്നാല്‍ അടിപ്പാത വികസനത്തിന്റെ ഭാഗമായി ഇതു നീക്കി. പിന്നീട് ഈ ഭാഗം മണ്ണിട്ടുയര്‍ത്തി. ഇതോടെ സ്‌റ്റേഷനിലെത്തുന്ന ഇരുചക്രവാഹനങ്ങള്‍ റോഡിന്റെ വശങ്ങളിലായി നിര്‍ത്തിയിടുകയാണ്.
Next Story

RELATED STORIES

Share it