kannur local

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം എസ്‌കലേറ്ററിനു കൂടി സാധ്യത

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കിഴക്ക് ഭാഗത്തും മറ്റൊരു എസ്‌കലേറ്റര്‍ കൂടി സ്ഥാപിക്കാനുള്ള സാധ്യത തേടുന്നു. തെക്കുഭാഗത്ത് നിര്‍മാണം തുടങ്ങിയ എസ്‌കലേറ്ററിനും പടിഞ്ഞാറ് ഭാഗത്തെ സബ്‌വേയ്ക്കും പുറമെയാണിത്. ഇതുസംബന്ധിച്ച് വിശദമായ പ്രൊജക്റ്റ് റിപോര്‍ട്ട് തയ്യാറാക്കാന്‍ ഇന്നലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ആനന്ദ്പ്രകാശ് നിര്‍ദേശം നല്‍കി. ഇതിനു പുറമെ, പ്രധാനകവാടത്തിലെ പുറത്തേക്കുള്ള കവാടം മാറ്റിസ്ഥാപിക്കാനും ആലോചിക്കുന്നുണ്ട്. പുറത്തേക്കുള്ള കവാടം അടച്ച് റെയില്‍വേ ആശുപത്രിക്കു സമീപം പ്ലാസ ജങ്ഷനിലേക്കു മാറ്റാനാണ് ആലോചന. ഇതോടെ സ്റ്റേഷന് മുന്നിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാവുമെന്നാണു നിഗമനം. റെയില്‍വേ സ്റ്റേഷനിലെ തിരക്കിനു പരിഹാരമായാണ് എസ്‌കലേറ്ററും സബ്‌വേയും നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്.
തെക്കുഭാഗത്ത് നിര്‍മിക്കുന്ന എസ്‌കലേറ്ററിന്റെ പ്രവൃത്തി നേരത്തെ തുടങ്ങിയിരുന്നെങ്കിവും ഇഴഞ്ഞ് നീങ്ങുകയായിരുന്നു. നേരത്തെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍നിന്ന് തുടങ്ങി രണ്ടിലേക്ക് ഇറങ്ങുന്ന തരത്തിലാണ് എസ്‌കലേറ്റര്‍ രൂപകല്‍പന ചെയ്തിരുന്നത്. ഇതു മാറ്റി രണ്ടാം നമ്പര്‍ ഫഌറ്റ്‌ഫോമില്‍നിന്ന് തുടങ്ങി ഒന്നാം ഫഌറ്റ്‌ഫോമിലേക്ക് ഇറങ്ങുന്ന തരത്തിലാക്കി മാറ്റുകയാണ്. ചില സാങ്കേതിക പ്രശ്‌നങ്ങളാണ് ഇത്തരത്തില്‍ മാറ്റത്തിനു കാരണമെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇതാണ് പ്രവൃത്തി വൈകാന്‍ കാരണം. സബ്‌വേയുടെ പ്രവൃത്തി നാളെ തുടങ്ങും. രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളിലെ തറ മിനുസപ്പെടുത്തുകയും ചെയ്യും.
റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന വികസനപ്രവൃത്തി ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഡിആര്‍എം ആനന്ദ്പ്രകാശ് ഇന്ന് ഉദ്യോഗസ്ഥരുമായും കരാറുകാരുമായും ചര്‍ച്ച നടത്തും. പാലക്കാട് റെയില്‍വേ ഡിവിഷന്‍ എന്‍ജിനീയര്‍ രാജഗോപാല്‍, സീനിയര്‍ ഡിവിഷനല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ ധനഞ്ജയന്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എം കെ ശൈലേന്ദ്രന്‍, ഡെപ്യൂട്ടി സ്റ്റേഷന്‍ മാസ്റ്റര്‍ ടി വി സുരേഷ്‌കുമാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
Next Story

RELATED STORIES

Share it