കണ്ണൂര്‍ മെഡി. കോളജ് പ്രവേശനം: 43 ലക്ഷം രൂപ കോഴ നല്‍കിയെന്ന് രക്ഷിതാക്കള്‍

തിരുവനന്തപുരം: കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിക്കാനായി 43 ലക്ഷം രൂപ കോഴ നല്‍കേണ്ടിവന്നതായി കോളജിലെ പിടിഎ സെക്രട്ടറി മോഹനന്‍ കോട്ടൂര്‍. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കോളജിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോഴയാരോപണം ഉന്നയിച്ചത്. ഇങ്ങനെ വാങ്ങിയ തുകയ്ക്ക് യാതൊരു രേഖയും മാനേജ്‌മെന്റ് നല്‍കിയില്ല. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ വിദ്യാര്‍ഥികളെ വഞ്ചിക്കുകയായിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് യോഗ്യതയില്ലെന്ന വാദം ശരിയല്ല. ജയിംസ് കമ്മിറ്റി ഈ മെഡിക്കല്‍ കോളജുകളോട് പകതീര്‍ക്കുകയായിരുന്നു. ഉത്തരവാദിത്തമില്ലാതെയാണ് മാനേജ്‌മെന്റുകള്‍ പെരുമാറിയത്. ജയിംസ് കമ്മിറ്റി രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും മാനേജ്‌മെന്റുകള്‍ അതിനു തയ്യാറായില്ല. ഇതു കാരണമാണ് കുട്ടികള്‍ക്ക് ദുരിതം അനുഭവിക്കേണ്ടിവരുന്നത്. വിദ്യാര്‍ഥികളുടേതല്ലാത്ത കുറ്റത്തിന് ഒരിക്കലും അവരെ ശിക്ഷിക്കരുതെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സാധൂകരിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് സുപ്രിംകോടതി സ്റ്റേ ചെയ്തതിനെതിരേ നിയമപരമായി മുന്നോട്ടുപോവുമെന്നും കേസില്‍ പരാജയപ്പെട്ടാല്‍ മാനേജ്‌മെന്റിനു നല്‍കിയ തലവരിപ്പണവും സര്‍ട്ടിഫിക്കറ്റുകളും ഏതു വിധേനയും തിരികെ വാങ്ങുമെന്നും ഇവര്‍ പറഞ്ഞു.
അടുത്ത മാസം 7നു കേസ് പരിഗണിക്കുമ്പോള്‍ കക്ഷിചേരാന്‍ അവസരം തേടി സുപ്രിംകോടതിയെ സമീപിക്കും. വിദ്യാര്‍ഥികളുടെ ഭാഗം കോടതി കേള്‍ക്കുമെന്നും പറനം നിഷേധിക്കപ്പെട്ട 137 വിദ്യാര്‍ഥികള്‍ക്കും തുടര്‍പഠനത്തിന് അവസരം ലഭിക്കുമെന്നുമാണ് പ്രതീക്ഷ. വിധി മറിച്ചായാലും നിയമപോരാട്ടം തുടരുമെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷമായി കുട്ടികള്‍ പഠനം തുടരുകയാണ്. ഇതിനിടയില്‍ 13 പേര്‍ ഫീസും സര്‍ട്ടിഫിക്കറ്റുകളും വാങ്ങി പോയി. പഠനത്തിനു നിയമ പരിരക്ഷ ഇല്ലെന്ന് മനസ്സിലാക്കിയതോടെയാണ് യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി തുടങ്ങി കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും നേതാക്കളെ കണ്ട് പിന്തുണ തേടിയത്.
വിദ്യാര്‍ഥികളുടെ ഭാഗത്ത് ന്യായമുണ്ടെന്നു കണ്ടാണ് സര്‍വകക്ഷി സഹായത്താല്‍ കുട്ടികളുടെ പഠനം തുടരാന്‍ നിയമ നടപടികള്‍ ഉണ്ടായത്. യോഗ്യതയുണ്ടായിട്ടും പഠനം നിഷേധിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ഇവര്‍ പറയുന്നു.
Next Story

RELATED STORIES

Share it