കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി പ്രവേശന വിഷയത്തില്‍ സുപ്രിംകോടതി; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം

ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി പ്രവേശനത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യം പരിഗണിക്കുമെന്നു സുപ്രിംകോടതി. 2016-17 അധ്യയന വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ നിന്നു വാങ്ങിയ ഫീസ് മടക്കി നല്‍കിയില്ലെങ്കില്‍ കണ്ണൂര്‍ മെഡിക്കല്‍കോളജ് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിദ്യാര്‍ഥികളില്‍ നിന്നു വാങ്ങിയ ഫീസിന്റെ ഇരട്ടിത്തുക മടക്കി നല്‍കണം. വാങ്ങിയ തുക അറിയാന്‍ വിദ്യാര്‍ഥികളുടെ വാദംകേള്‍ക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി. അടച്ച ഫീസിന്റെ രേഖകള്‍ ഹാജരാക്കാന്‍ വിദ്യാര്‍ഥികള്‍ക്കു കോടതി അനുമതി നല്‍കി. വിദ്യാര്‍ഥികളില്‍ നിന്നു 40 ലക്ഷം രൂപ വരെ കോളജ് വാങ്ങിയതായി പ്രവേശന മേല്‍നോട്ട കമ്മിറ്റി കോടതിയെ അറിയിച്ചു. കേസ് സുപ്രിംകോടതി നാളെ വീണ്ടും പരിഗണിക്കും. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം റദ്ദാക്കപ്പെട്ട 150 വിദ്യാര്‍ഥികള്‍ക്ക് അടച്ച ഫീസിന്റെ ഇരട്ടിത്തുക മടക്കിനല്‍കണമെന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇന്നു കേസ് പരിഗണിച്ചപ്പോള്‍ 20 ലക്ഷം രൂപ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായി കോളജിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി കോടതിയെ അറിയിച്ചു. 10 ലക്ഷം രൂപ ഫീസായി വാങ്ങിയെന്നു പറഞ്ഞാണ് 20 ലക്ഷം രൂപ കോളേജ് തിരിച്ചുനല്‍കിയത്. എന്നാല്‍ വിദ്യാര്‍ഥികളില്‍ നിന്നു 30 മുതല്‍ 40 ലക്ഷം വരെ കോളജ് ഫീസ് ഇനത്തില്‍ വാങ്ങിയിട്ടുണ്ടെന്നു പ്രവേശന മേല്‍നോട്ട കമ്മറ്റി കോടതിയില്‍ വാദിച്ചു. വാദത്തെ കോളജ് ശക്തമായി എതിര്‍ത്തെങ്കിലും നല്‍കിയ പണത്തിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ പരിശോധിക്കുമെന്നു കോടതി പറഞ്ഞു. അടച്ച ഫീസ് ഇരട്ടിയായി മടക്കിനല്‍കണമെന്ന മുന്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നു കോളജിന് കോടതി മുന്നറിയിപ്പ് നല്‍കി. പറഞ്ഞതിലും കൂടുതല്‍ പണം കോളജ് വാങ്ങിയിട്ടുണ്ടെന്ന ആരോപണം കണക്കിലെടുത്താണ് ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം ഉത്തരവിടുമെന്നു ബെഞ്ച് വ്യക്തമാക്കിയത്. അടച്ച ഫീസിന്റെ രേഖകള്‍ ഹാജരാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കോടതി അനുമതി നല്‍കി.

Next Story

RELATED STORIES

Share it