wayanad local

കണ്ണൂര്‍-മട്ടന്നൂര്‍ റെയില്‍പ്പാത വിസ്മൃതിയിലേക്ക്

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള നിര്‍ദിഷ്ട കണ്ണൂര്‍-മട്ടന്നൂര്‍ റെയില്‍പാത വിസ്മൃതിയില്‍. വിമാനത്താവളത്തിലേക്ക് ദേശീയപാതയ്ക്ക് സമാന്തരമായി റെയില്‍പാത വേണമെന്ന ആവശ്യം ശക്തമാണ്. നിര്‍ദിഷ്ട റെയില്‍പാതയ്ക്ക് 2016ലെ റെയില്‍ ബജറ്റില്‍ അംഗീകാരം നല്‍കിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ പാത എന്നതായിരുന്നു ബജറ്റ് നിര്‍ദേശം. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പ്രാഥമിക നടപടി നടത്തിയിരുന്നെങ്കിലും തുടര്‍പ്രവൃത്തികള്‍ എങ്ങുമെത്തിയില്ല. കണ്ണൂരില്‍നിന്ന് മട്ടന്നൂരിലേക്കുള്ള 25 കിലോമീറ്റര്‍ പാതയുടെ സാധ്യതാ പരിശോധന സര്‍വേ നടത്തിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും റിപോര്‍ട്ട് വെളിച്ചംകണ്ടില്ല.
കണ്ണൂര്‍ തെക്ക് സ്‌റ്റേഷനില്‍നിന്ന് തുടങ്ങി മട്ടന്നുരില്‍ അവസാനിക്കുന്ന പാത ആറ്റടപ്പ, കാടാച്ചിറ, എച്ചൂര്‍, കൂടാളി, എടയന്നൂര്‍ വഴി മട്ടന്നൂരില്‍ എത്തിക്കാനായിരുന്നു ആദ്യ തീരുമാനം. മൂര്‍ഖന്‍പറമ്പില്‍ എയര്‍പോര്‍ട്ട് സ്‌റ്റേഷന്‍ പണിയാനും അതിനുള്ള സ്ഥലം കിയാല്‍ ഒരുക്കാനും തയ്യാറായിരുന്നു. എന്നാല്‍ പാത കടന്നുപോവുന്ന സ്ഥലത്തെ സംബന്ധിച്ച് ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല.
പാതയെക്കുറിച്ച് പഠിക്കാന്‍ ദക്ഷിണ റെയില്‍വേ എന്‍ജീനീറിങ് വിഭാഗത്തിലെ വിദഗ്ധസംഘം കണ്ണൂരിലെത്തി സ്ഥലം പരിശോധിച്ചിരുന്നു. കൂടാതെ, ടോപോ ഗ്രഫി സര്‍വേയും പൂര്‍ത്തിയാക്കി. കണ്ണൂര്‍-മട്ടന്നൂര്‍ പാത ഉള്‍പ്പെടെ നാലു പാതകളുടെ സര്‍വേയ്ക്ക് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ അടിയന്തര പ്രധാന്യം കണക്കിലെടുത്ത് മട്ടന്നൂര്‍ പാതയുടെ സര്‍വേ റെയില്‍വേ നേരിട്ടുനടത്താന്‍ തീരുമാനിച്ചു. സാമ്പത്തികമായി ലാഭകരമാവുമോ എന്ന കാര്യവും പരിശോധിച്ചിരുന്നു. എന്നാല്‍, പരിശോധനാ റിപോര്‍ട്ട് ഇതുവരെ പുറത്തുവന്നില്ല.
സ്ഥലം എംപി പി കെ ശ്രീമതി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പാത സ്ഥാപിക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും കേന്ദ്രം വേണ്ടത്ര പരിഗണന നല്‍കിയില്ല. കണ്ണൂര്‍-മൈസൂരു റോഡ് ദേശീയപാതയാക്കുന്നതോടെ ഗ്രീന്‍ഫീല്‍ഡ് റോഡ് വേണ്ടിവരില്ല. ദേശീയപാതയ്ക്ക് സമാന്തരമായി റെയില്‍പാത കൂടി വന്നാല്‍ ഏറെ സൗകര്യമാവും. മട്ടന്നൂരില്‍നിന്ന് വീരാജ്‌പേട്ട വരെ റെയില്‍പാത നിര്‍മിക്കാനായാല്‍ മൈസൂരു പാതയ്ക്കും അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല.
അഴിക്കല്‍ തുറമുഖപാത കൂടി യാഥാര്‍ഥ്യമാവുന്നതോടെ ചരക്കുഗതാഗതത്തില്‍ വന്‍ മുന്നേറ്റമായിരിക്കും ഉത്തരമലബാറില്‍ ഉണ്ടാവുക. വ്യാവസായിക മേഖലയിലും കുതിച്ചുചാട്ടം ഉണ്ടാവും.
Next Story

RELATED STORIES

Share it