kannur local

കണ്ണൂര്‍ നഗരത്തിലെ കുരുക്കഴിക്കല്‍: അനധികൃത പാര്‍ക്കിങിനെതിരേ നടപടി

കണ്ണൂര്‍: നഗരത്തിലെ കുരുക്കഴിക്കാന്‍ കര്‍ശന നടപടി—കളുമായി ട്രാഫിക് പോലിസ് രംഗത്ത്. റോഡരികില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യുകയും ഇരുചക്രവാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. നഗരത്തില്‍ പലയിടത്തും റോഡരികിലും വ്യാപാര സമുച്ഛയങ്ങള്‍ക്കു മുന്നിലും അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതു കാരണം വ്യാപക പരാതികള്‍ ലഭിച്ചതോടെയാണ് കര്‍ശന നടപടിയെടുത്തത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ കിഴക്കേ കവാടത്തില്‍ അനധികൃത നിര്‍ത്തിയിട്ട അഞ്ച് കാറുകള്‍ ട്രാഫിക് പോലിസ് ക്രെയിന്‍ ഉപയോഗിച്ച് നീക്കംചെയ്ത ശേഷം സ്റ്റേഷനിലെത്തിച്ചു. തലശ്ശേരി റോഡിലെ കാപിറ്റോള്‍ മാളിനു മുന്നില്‍ നിന്ന് അഞ്ച് ഇരുചക്ര വാഹനങ്ങളും ഒരു കാറും പിടികൂടി പിഴയടച്ച ശേഷം വിട്ടയച്ചു. ഇരുചക്രവാഹനങ്ങള്‍ക്ക് 500 രൂപയാണ് പിഴ ഈടാക്കിയത്. വ്യാപക പരാതിയെ തുടര്‍ന്ന് ട്രാഫിക് പോലിസ് വാഹന ഉടമകള്‍ക്കു നോട്ടീസ് നല്‍കി പിഴയീടാക്കി വാഹനങ്ങള്‍ തിരിച്ചെടുപ്പിച്ചിരുന്നു. വീണ്ടും വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ തുടങ്ങിയതോടെയാണ് കര്‍ശന നടപടിയുമായി രംഗത്തെത്തിയത്. റെയില്‍വേ കിഴക്കേ കവാടം തുടങ്ങുന്ന പോലിസ് ക്വാര്‍ട്ടേഴ്‌സ് മുതല്‍ ടിക്കറ്റ് കൗണ്ടര്‍വരെ റോഡിന്റെ ഇരുഭാഗങ്ങളിലുമാണ് കാറുകളും ബൈക്കുകളും നിര്‍ത്തിയിടുന്നത്. യാത്രക്കാര്‍ ട്രെയിന്‍ കയറി പോവുന്നതോടെ പല വാഹനങ്ങളും ദിവസങ്ങളോളമാണ് നിര്‍ത്തിയിടാറുള്ളത്. ഇതുകാരണം കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് ഏറെയാണ്. ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. ഓട്ടോകള്‍ക്കു പോലും യാത്രക്കാരെ വേഗത്തില്‍ സ്‌റ്റേഷനിലെത്തിക്കാനാവാത്ത അവസ്ഥയായിരുന്നു. തുടക്കത്തില്‍ പിഴ ചുമത്തിയെങ്കിലും ഫലം കാണാത്തതിനാലാണ് ക്രെയിന്‍ ഉപയോഗിച്ചത്. നിലവില്‍ വലിയ രണ്ട് പാര്‍ക്കിങ് ഏരിയകള്‍ റെയില്‍വേ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ പാര്‍ക്കിങ് ഫീസ് കൊടുക്കേണ്ടതിനാല്‍ പലരും കോംപൗണ്ടണ്ടിനു പുറത്തെ റോഡരികല്‍ നിര്‍ത്തിയിട്ട് പോവുകയാണ്. 500 രൂപ പിഴയ്‌ക്കൊപ്പം നീക്കം ചെയ്യാനാവശ്യമായ തുകയും ഈടാക്കിയാണ് വാഹനങ്ങള്‍ വിട്ടുകൊടുത്തത്. വരുംദിവസങ്ങളിലും നടപടി ശക്തമാക്കുമെന്ന് ട്രാഫിക് എസ്‌ഐ കെ വി ഉമേശന്‍ പറഞ്ഞു. ഇതിനു പുറമെ, നഗരത്തില്‍ 30 സ്ഥലങ്ങളില്‍ കൂടി പാര്‍ക്കിങ് ഏരിയയ്ക്ക് അനുവദിക്കണമെന്ന് ട്രാഫിക് പോലിസ് കോര്‍പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഴയ ബസ് സ്റ്റാന്റിന്റെ പകുതി ഭാഗം, ബിഒടി സ്റ്റാന്റ് റോഡിലെ ഇരുവശങ്ങള്‍, കോടതി പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്കിങ് ഏരിയയാക്കാന്‍ അനുമതി വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
Next Story

RELATED STORIES

Share it