Districts

കണ്ണൂര്‍ ജില്ലയില്‍ വീണ്ടും അക്രമം

കണ്ണൂര്‍: തിരഞ്ഞെടുപ്പു ദിവസം തുടങ്ങിയ അക്രമങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ പുലര്‍ച്ചെയുമായി വിവിധ സ്ഥലങ്ങളില്‍ നടന്ന ബോംബേറില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. കണ്ണൂര്‍ സിറ്റിയിലും താവക്കരയിലും ലീഗ് പ്രവര്‍ത്തകര്‍ എസ്ഡിപിഐ നേതാവിന്റെ വീട് തകര്‍ക്കുകയും പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബി ശംസുദ്ദീന്‍ മൗലവിയുടെ ആയിക്കരയിലെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആയിക്കരയിലെ മല്‍സ്യ ഏജന്‍സി ഓഫിസ് തകര്‍ക്കാന്‍ ശ്രമിച്ചു. തൊട്ടടുത്തുള്ള അസിന്റെ ഉടമസ്ഥതയിലുള്ള മല്‍സ്യവിതരണ ഏജന്‍സിയായ കോസ്‌മോ അടിച്ചുതകര്‍ത്ത ശേഷം പൂര്‍ണമായി തീയിട്ടുനശിപ്പിച്ചു. അര്‍ധരാത്രിയില്‍ താവക്കര കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തിനു സമീപത്തെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സര്‍ഫ്രാസിന്റെ വീട്ടമുറ്റത്തു നിര്‍ത്തിയിട്ട രണ്ടു കാറുകളും ഒരു ബൈക്കും തകര്‍ക്കുകയും തീയിടുകയും ചെയ്തു. പുതിയതെരു ടൗണില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നായക്കന്‍ നടുക്കണ്ടി മുബാറക്കി(22)നെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. മയ്യില്‍ ബര്‍ണാച്ചേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകന്‍ ധനൂപിനെ ആക്രമിച്ചു. കൂത്തുപറമ്പ് മേഖലയിലും സംഘര്‍ഷം തുടരുകയാണ്. സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ മാങ്ങാട്ടിടത്ത് ഇന്നലെ പുലര്‍ച്ചെ നാലു ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചു.
ബിജെപി അനുഭാവി സി ആര്‍ സത്യേഷിന്റെ ഹരിസദനം വീട് ബോംബെറിഞ്ഞ ശേഷം അടിച്ചുതകര്‍ത്തു. തളിപ്പറമ്പ് മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ മുസ്‌ലിംലീഗ് നേതാവ് കെ വി എം കുഞ്ഞി മരണപ്പെട്ടു. കഴിഞ്ഞ ദിവസം വൈകീട്ട് ഓട്ടോ ട്രിപ്പ് വിളിച്ചുകൊണ്ടുപോയി വെട്ടിപ്പരിക്കേല്‍പ്പിച്ച സിപിഎം പ്രാദേശിക നേതാവ് തൃച്ചംബരത്തെ രമേശന്റെ നില ഗുരുതരമായി തുടരുകയാണ്. വ്യാപക സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ പോലിസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീവയ്പും അക്രമങ്ങളും തുടരുമ്പോഴും വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സമാധാനം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്തു.
Next Story

RELATED STORIES

Share it