കണ്ണൂര്‍ ജില്ലയില്‍ കേന്ദ്രസേനയെത്തും

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ ആകെയുള്ള 1629 ബൂത്തുകളില്‍ 1009 പ്രശ്‌നസാധ്യതാ ബൂത്തുകളാണെന്നും ഇതില്‍ അതീവ പ്രശ്‌നസാധ്യതയുള്ള 740 ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കുമെന്നും കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി ഹരിശങ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മറ്റു പ്രശ്‌ന ബൂത്തുകളില്‍ ഇതര സംസ്ഥാന പോലിസിനെ വിന്യസിക്കും. നിര്‍ഭയമായി വോട്ട് ചെയ്യാനും എല്ലാ സ്ഥാനാര്‍ഥികളുടെയും ഏജന്റുമാര്‍ക്ക് നിര്‍—ഭയമായി ബൂത്തില്‍ ചുമതല നിര്‍വഹിക്കാനും കഴിയുന്നുവെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും പോലിസ് ഒരുക്കും. 15 കമ്പനി കേന്ദ്രസേനയെയാണ് ജില്ലയിലേക്ക് ആവശ്യപ്പെട്ടിട്ടുള്ളത്. 9 കമ്പനി സേനയെ ലഭിക്കുമെന്ന് ഇതിനകം ഉറപ്പുലഭിച്ചിട്ടുണ്ട്. 200ഓളം വാഹനങ്ങളില്‍ പ്രത്യേക നിരീക്ഷണ വിഭാഗത്തെയും ബൂത്തുകളിലെ സുരക്ഷയ്ക്കായി ഒരുക്കും. 500 ബൂത്തില്‍ വെബ് കാസ്റ്റിങിനും 350 ബൂത്തുകളില്‍ വീഡിയോ റിക്കാഡിങിനും സജ്ജീകരണമൊരുക്കും. ബൂത്തിനകത്ത് പ്രശ്‌നങ്ങളുണ്ടായാല്‍ യഥാസമയം പോലിസിനെ അറിയിച്ചില്ലെങ്കില്‍ പോളിങ് ഓഫിസറെയും പ്രതി ചേര്‍ക്കും. തിരഞ്ഞെടുപ്പ് ആക്രമണങ്ങള്‍ ഒറ്റപ്പെട്ടതായി കാണില്ല. ബന്ധപ്പെട്ട പാര്‍ട്ടി, സ്ഥാനാര്‍ഥി എന്നിവര്‍ക്കും കുറ്റകൃത്യത്തില്‍ ഉത്തരവാദിത്തം വരുന്ന തരത്തിലായിരിക്കും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുക. മുന്‍കാലങ്ങളില്‍ കുറ്റകൃത്യങ്ങളിലും അക്രമങ്ങളിലും പങ്കെടുത്തവരെല്ലാം നിരീക്ഷണത്തിലാണ്. ഇത്തരത്തിലുള്ള 350 ഓളം പേര്‍ക്ക് നല്ലനടപ്പ് നോട്ടീസ് നല്‍കി. 200ഓളം പേര്‍ കൂടി നല്ലനടപ്പ് ജാമ്യം എടുക്കേണ്ടവരുടെ പട്ടികയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it