kannur local

കണ്ണൂര്‍ കോര്‍പറേഷന്‍ മേയറെ പ്രതിപക്ഷം ഉപരോധിച്ചു

കണ്ണൂര്‍: വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കോര്‍പറേഷന്‍ ഭരണസമിതി രാഷ്ട്രീയം കളിക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷം കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് മേയറെ ഡയസില്‍ ഉപരോധിച്ചു. ഇന്നലെ രാവിലെ യോഗം തുടങ്ങി
കാര്യപരിപാടികള്‍ ചര്‍ച്ചചെയ്യവെയാണ് സംഭവം. ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറെനേരം വാഗ്വാദം നടത്തി. 44ാം ഡിവിഷനിലെ നീര്‍ച്ചാല്‍ ഗവ. യുപി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട 16ാമത്തെ അജണ്ടയിന്മേല്‍ നടന്ന ചര്‍ച്ചയാണ് രൂക്ഷമായ വാക്കേറ്റത്തിലും ബഹിഷ്‌കരണത്തിലും കലാശിച്ചത്. അങ്കണവാടിക്ക് സ്‌കൂള്‍ കോംപൗണ്ടില്‍ തന്നെ സ്ഥലം അനുവദിക്കാന്‍ നടപടിയാവശ്യപ്പെട്ട് ഡിവിഷനിലെ മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ മിനാസ് തമ്മിട്ടോന്‍ കോര്‍പറേഷനില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആവശ്യമായ സ്ഥലമില്ലെന്ന കാരണത്താല്‍ അപേക്ഷ തള്ളിയതായി മേയര്‍ ഇ പി ലത അറിയിച്ചു.
എന്നാലിത് പ്രതിപക്ഷ ബഹളത്തിനിടയാക്കി. ഇതോടെ പ്രതിരോധത്തിലായ മേയര്‍, വിശദമായ പരിശോധനയ്ക്കായി അജണ്ട മാറ്റിവക്കാമെന്ന് മേയര്‍ വിശദീകരിച്ചെങ്കിലും യുഡിഎഫ് അംഗങ്ങള്‍ വഴങ്ങിയില്ല. ഇപ്പോള്‍ തന്നെ തീരുമാനം വേണമെന്ന നിലപാടിലായിരുന്നു അവര്‍. ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് രാഷ്ട്രീയം നോക്കിയാണ് അകാരണമായി അങ്കണവാടി ഒഴിവാക്കാന്‍ ശ്രമിക്കുന്നതെന്ന് ആരോപണമുയര്‍ന്നു.
ഇതു സംബന്ധിച്ച് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശയും വിവാദത്തിനിടയാക്കി. ഡിവിഷന്‍ കൗണ്‍സിലറോടും നാട്ടുകാരോടും കൂടിയാലോചനകള്‍ നടത്താതെ എഇഒയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മേയര്‍ തീരുമാനമെടുത്തതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. വികസനത്തില്‍ രാഷ്ട്രീയ പക്ഷപാതം കാട്ടുന്ന മേയര്‍ ജില്ലയ്ക്ക് തന്നെ അപമാനമാണെന്നും ഇവര്‍ തുറന്നടിച്ചു.
എന്നാല്‍, ഞാന്‍ നേരിട്ടുപോയി സ്ഥലം പരിശോധിച്ചതാണെന്നും വേണമെങ്കില്‍ ഒന്നുകൂടി പരിശോധന നടത്താമെന്നും മേയര്‍ വ്യക്തമാക്കി. 60 അജണ്ടകളാണ്് യോഗത്തില്‍ ചര്‍ച്ച ചെയ്യാനുണ്ടായിരുന്നത്. അങ്കണവാടി വിഷയത്തില്‍ മേയറുടെ വിശദീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ പ്രതിപക്ഷം, മറ്റു അജണ്ടകളിലേക്ക് കടക്കാന്‍ വിടാതെ നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് മുദ്രാവാക്യം മുഴക്കുകയും മേയറെ ഉപരോധിക്കുകയും ചെയ്തു. ബഹളം രൂക്ഷമായതോടെ മേയര്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
Next Story

RELATED STORIES

Share it