kannur local

കണ്ണൂര്‍ കോര്‍പറേഷന്‍: പ്രചാരണത്തില്‍ നിറസാന്നിധ്യമായി എസ്ഡിപിഐ

കണ്ണൂര്‍: നഗരസഭ മാറി കോര്‍പറേഷനായതോടെ കണ്ണൂരില്‍ വീറുറ്റ പോരാട്ടത്തിനാണ് എസ്ഡിപിഐ തയ്യാറെടുക്കുന്നത്. മല്‍സരിക്കുന്ന വാര്‍ഡുകളിലെല്ലാം പ്രചാരണത്തില്‍ ഏറെ മുന്നിലാണെന്നു മാത്രമല്ല, ഏതാനും ഡിവിഷനുകളില്‍ ജയസാധ്യത വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇടത്-വലതു മുന്നണികളുടെ വികസന നയങ്ങളിലെ പാളിച്ചകളും അടിസ്ഥാന വികസനത്തിലെ പരാജയങ്ങളുമാണ് പ്രധാനമായും തുറന്നുകാട്ടുന്നത്. മുന്‍കാലങ്ങളില്‍ ലീഗിനും സിപിഎമ്മിനും സ്വാധീനമുണ്ടായിരുന്ന പല വാര്‍ഡുകളിലും എസ്ഡിപിഐയ്ക്കു പ്രതീക്ഷയേകുന്ന പിന്തുണയാണു ലഭിക്കുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നഗരസഭയില്‍ അക്കൗണ്ട് തുറന്നതും കസാനക്കോട്ട വാര്‍ഡില്‍ കൗണ്‍സിലറും പാര്‍ട്ടിയും നല്‍കിയ സംഭാവനകളുമാണ് പ്രധാന പ്രചാരണം. വാര്‍ഡ് വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തിയും ഭരണസ്വാധീനം ഉപയോഗിച്ചും നടത്തിയ കുതന്ത്രങ്ങളെല്ലാം അതിജീവിച്ചാണ് എസ്ഡിപിഐയുടെ പ്രചാരണം. കസാനക്കോട്ടയില്‍ യുവസാരഥി എം പി റഫീഖ്, അറക്കലില്‍ നഗരസഭാ കൗണ്‍സിലര്‍ കെ പി സുഫീറ, താണയില്‍ ജില്ലാ ഖജാഞ്ചി എ ഫൈസല്‍, കുറുവയില്‍ കെ പി റഷീദ്, പടന്നയില്‍ എം സഫൂറ, ഏഴരയില്‍ എ ഇജാദ്, അതിരകത്ത് പി പി സജീര്‍, പള്ളിപ്രത്ത് ജംഷീര്‍, തിലാന്നൂരില്‍ പി എം സജീര്‍ എന്നിവരാണു പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്‌നമായ കണ്ണട അടയാളത്തില്‍ ജനവിധി തേടുന്നത്.
കടലായി ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ഫൗസിയയെയും കക്കാട് കെ ഇദ്‌രീസിനെയും പന്നിക്കലില്‍ പി എം അബ്ദുല്‍ മുനീറിനെയുമാണ് എസ്ഡിപിഐ പിന്തുണയ്ക്കുന്നത്. വീടുകള്‍ കയറിയുള്ള സ്ഥാനാ ര്‍ഥികളുടെ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ ഇരുമുന്നണികളും അങ്കലാപ്പിലാണ്. തിരഞ്ഞെടുപ്പിനു മുമ്പും കോര്‍പറേഷന്‍ പരിധിയിലും നഗരസഭയിലുമെല്ലാം നടത്തിയ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ക്കെല്ലാം മുതല്‍ക്കൂട്ട്. ജനകീയ വിഷയങ്ങളിലെ പാര്‍ട്ടിയുടെ ഇടപെടലിനുള്ള അംഗീകാരം തിരഞ്ഞെടുപ്പി ല്‍ നേട്ടമുണ്ടാക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വവും അണികളും. പൊതുസ്വീകാര്യരും ജനസമ്മിതിയുള്ളവരുമാണ് എസ്ഡിപിഐയ്ക്കു വേണ്ടി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിരിക്കുന്നത്.
Next Story

RELATED STORIES

Share it