Districts

കണ്ണൂര്‍ കോര്‍പറേഷന്‍: പ്രഥമ ഭരണം ആര്‍ക്കാവും?

പുറത്തുനിന്ന് നോക്കിയാല്‍ കണ്ണൂര്‍ ചുവപ്പുകോട്ടയാണെങ്കിലും നഗരസഭ ഇതുവരെ ചുവന്നിട്ടില്ലെന്നതു ചരിത്രം. എന്നാല്‍, നഗരസഭ മാറി കോര്‍പറേഷനായതോടെ പ്രഥമ ഭരണം പിടിക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് ഇരു മുന്നണികളും. തുടക്കം മുതല്‍ കോര്‍പറേഷന്‍ ഭരണം യുഡിഎഫിനായിരിക്കുമെന്ന് വിധിയെഴുതിയവര്‍ അവസാനലാപ്പില്‍ അടിയൊഴുക്കും വിമതശല്യവും ഉറ്റുനോക്കുകയാണ്. കോണ്‍ഗ്രസ്സിലെ വിമതശല്യവും യുഡിഎഫിലെ പടലപ്പിണക്കവും പുതുപാര്‍ട്ടികളുടെ പ്രചാരണമുന്നേറ്റവുമെല്ലാം തിരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കുകയാണ്.
യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി സുമ ബാലകൃഷ്ണന്‍ മല്‍സരിക്കുന്ന കിഴുന്ന വാര്‍ഡില്‍ എല്‍ഡിഎഫിനേക്കാള്‍ കോണ്‍ഗ്രസ്സിന് ഭീഷണി വിമത സ്ഥാനാര്‍ഥി ജയലതയാണ്. നിലവില്‍ നഗരസഭാ വൈസ് ചെയര്‍മാനായിരുന്ന ടി ഒ മോഹനന്റെ വാര്‍ഡില്‍ ലീഗ് പ്രതിനിധിയായി കഴിഞ്ഞ കൗണ്‍സിലിലുണ്ടായിരുന്ന എന്‍ പി സത്താര്‍ സ്വതന്ത്രവേഷത്തിലുള്ളതും തിരിച്ചടിയാണ്. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പി കെ രാഗേഷിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഏഴു ഡിവിഷനുകളില്‍ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നു.
പഞ്ഞിക്കീല്‍, കിഴുന്ന, പള്ളിയാംമൂല, കുന്നാവ്, പള്ളിക്കുന്ന്, തളാപ്പ്, ചാലാട് എന്നിവിടങ്ങളിലാണ് യുഡിഎഫിന് രൂക്ഷമായ വിമതശല്യമുള്ളത്. കോര്‍പറേഷനില്‍ അക്കൗണ്ട് തുറക്കാമെന്ന ഉറച്ച വിശ്വാസത്തില്‍ എസ്ഡിപിഐയും മികച്ച വോട്ടുകള്‍ നേടാമെന്ന പ്രതീക്ഷയോടെ വെല്‍ഫെയര്‍ പാര്‍ട്ടിയും രംഗത്തുണ്ട്. ബിജെപിയുടെ വോട്ട് എങ്ങോട്ട് മറിയുമെന്നതാണു മറ്റൊരു ചോദ്യം.
യുഡിഎഫിലെ പ്രശ്‌നങ്ങള്‍ മുതല്‍ക്കൂട്ടാവുമെന്ന വിശ്വാസത്തില്‍ തന്നെയാണ് എല്‍ഡിഎഫ്. ഏതായാലും 55 ഡിവിഷനുകളുള്ള കോര്‍പറേഷനില്‍ ആര്‍ക്കും മൃഗീയ ഭൂരിപക്ഷമുണ്ടാവില്ലെന്നുറപ്പ്.
Next Story

RELATED STORIES

Share it