കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ഇന്ന് രാജിവയ്ക്കും

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം മുസ്‌ലിം ലീഗിലെ സി സമീര്‍ രാജിവയ്ക്കും. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസിന്‍മേല്‍ ഇന്നു പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യാനിരിക്കെയാണ് രാജി പ്രഖ്യാപനം. രാവിലെ 11നാണു അവിശ്വാസ ചര്‍ച്ച നടക്കുക.
ഇതിനു മുമ്പ് രാവിലെ 10ഓടെ കോര്‍പറേഷന്‍ സെക്രട്ടറിക്കു രാജിക്കത്ത് നല്‍കാനാണു തീരുമാനം. ഇന്നലെ ചേര്‍ന്ന മുസ്‌ലിം ലീഗ് നേതൃയോഗത്തിലെ തീരുമാനപ്രകാരമാണു നടപടി. ആകെയുള്ള 55 കൗണ്‍സിലര്‍മാരില്‍ ഇടതു-വലതു മുന്നണികള്‍ക്ക് 27 വീതം സീറ്റുകള്‍ ലഭിച്ചതോടെ, കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിന്റെ പിന്തുണയോടെയാണ് കോര്‍പറേഷന്റെ പ്രഥമ ഭരണം ഇടതുമുന്നണിക്കു ലഭിച്ചത്. പാര്‍ട്ടിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതന്‍ സിപിഎമ്മിലെ ഇ പി ലതയെ പിന്തുണയ്ക്കുകയായിരുന്നു.
എന്നാല്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നതോടെ ഇരു മുന്നണികളും തുല്യവോട്ടുകള്‍ നേടി. നറുക്കെടുപ്പിലാണ് മുസ്‌ലിംലീഗിലെ സി സമീര്‍ ഡെപ്യൂട്ടി മേയറായത്. ഇതിനിടെ, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പില്‍ സമവായത്തിലൂടെ കോണ്‍ഗ്രസ് വിമതന്റെ പിന്തുണ തേടിയതോടെ എട്ടില്‍ ഏഴും യുഡിഎഫിനു ലഭിച്ചു.
കോണ്‍ഗ്രസ്സിലേക്ക് പി കെ രാഗേഷിനെ തിരിച്ചെടുത്തതോടെ ഇടതുമേയര്‍ക്കെതിരേ അവിശ്വാസത്തിനു സാധ്യത തെളിഞ്ഞിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വം അവഗണന തുടരുകയാണെന്ന് ആരോപിച്ച് നിയമസഭ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരേ വിമതനായി മല്‍സരിച്ചു. അതേസമയം, കോര്‍പറേഷന്‍ ഭരണം സമ്പൂര്‍ണമായും കൈപ്പിടിയിലൊതുക്കുക എന്ന ലക്ഷ്യത്തോടെ പി കെ രാഗേഷിനു ഡെപ്യൂട്ടി മേയര്‍ പദവി വാഗ്ദാനം ചെയ്യുകയും സമ്മതിക്കുകയും ചെയ്തതോടെയാണ് എല്‍ഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
Next Story

RELATED STORIES

Share it