kannur local

കണ്ണൂര്‍ കോര്‍പറേഷനില്‍ ആവേശക്കലാശം

കണ്ണൂര്‍: രാഷ്ട്രീയം തലയ്ക്കു പിടിച്ചവരെന്നാണു കണ്ണൂരുകാരെ കുറിച്ചുള്ള പൊതുവെയുള്ള വിലയിരുത്തല്‍. അത് തിരഞ്ഞെടുപ്പായാല്‍ വാനോളമുയരാറുണ്ടെന്നതിനു മുന്‍കാലങ്ങള്‍ തന്നെ സാക്ഷി. വാക്കാണു സത്യമെന്നു തോന്നിപ്പിക്കുന്ന വിധം തന്നെയായിരുന്നു ആദ്യമായി കോര്‍പറേഷനായി മാറിയ കണ്ണൂരിലെ കലാശക്കൊട്ട്. അടവായും അടിയായും കലാശപ്പോരുണ്ടായിരുന്ന മണ്ണില്‍ ഇക്കുറി ആവേശപ്പോര് മാത്രം.
എങ്ങും സമാധാനപൂര്‍വമായിരുന്നു കൊട്ടിക്കലാശം. സംഘര്‍ഷസാധ്യത ഒഴിവാക്കാന്‍ വിവിധ പാര്‍ട്ടികള്‍ക്ക് പോലിസും ജില്ലാ ഭരണകൂടവും അനുവദിച്ചു നല്‍കിയ സമയവും സ്ഥലവും പരമാവധി പാലിച്ചതിനാല്‍ നേര്‍ക്കുനേര്‍ കലാശം എവിടെയും ഏറ്റുമുട്ടിയില്ല. നിശബ്ദമാവുന്നതിനു തൊട്ടുമുമ്പ് വരെ പരമാവധി ഒച്ചയെടുക്കുകയെന്നതു തന്നെയായിരുന്നു എല്ലാ പാര്‍ട്ടികളുടെയും ലക്ഷ്യം. ഇതോടെ അന്തരീക്ഷം ജയ് വിളികളും പാരഡിഗാനങ്ങളും വോട്ടഭ്യര്‍ഥനകളും കൊണ്ട് മുഖരിതമായി. സംഘട്ടനം ഒഴിവാക്കാന്‍ വൈകീട്ട് മൂന്നിനു പരസ്യപ്രചാരണം നിര്‍ത്തിക്കൂടേയെന്ന ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ഥന പാര്‍ട്ടികളെല്ലാം തള്ളിയതിനാല്‍ അവസാനനിമിഷം വരെ പൊടിപൂരം തന്നെയായിരുന്നു. യുഡിഎഫിന്റെ കലാശക്കൊട്ട് വൈകീട്ട് മൂന്നരയോടെ താണയില്‍ നിന്നാരംഭിച്ച് കാല്‍ടെക്‌സ്, സ്‌റ്റേഡിയം കോര്‍ണര്‍ വഴി സ്‌റ്റേറ്റ് ബാങ്ക് പരിസരത്ത് സമാപിച്ചു. മുന്നണിയിലെ വിവിധ പാര്‍ട്ടികളുടെ നേതാക്കളും സ്ഥാനാര്‍ഥികള്‍ക്കും പിന്നില്‍ പടുകൂറ്റന്‍ കോണിയും പതാകകളും നിരവധി വാഹനങ്ങളുമായി അണികളും അണിനിരന്നു. റാലിക്ക് എ പി അബ്ദുല്ലക്കുട്ടി എംഎല്‍എ, അശ്‌റഫ് ബംഗാളി മൊഹല്ല, മാര്‍ട്ടിന്‍ ജോര്‍ജ്, കെ പ്രമോദ്, കെ പി താഹിര്‍, സുരേഷ്ബാബു എളയാവൂര്‍ നേതൃത്വം നല്‍കി. നഗരത്തെ ആവേശത്തിലാഴ്ത്തി അന്തിമപ്രചാരണം കടന്നുപോയ ശേഷമാണ് എല്‍ഡിഫ് റാലിയെത്തിയത്. തെക്കീ ബസാറില്‍നിന്നു തുടങ്ങി ട്രാഫിക് സ്റ്റേഷന്‍, മുനീശ്വരന്‍ കോവില്‍ വഴി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് സമാപിച്ചു. ചെണ്ടമേളത്തിനു പിന്നില്‍ നേതാക്കളും സ്ഥാനാര്‍ഥികളും പിന്നാലെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ അണികളും അണിനിരന്നു. പി ജയരാജന്‍, അഡ്വ. സി പി സന്തോഷ്‌കുമാര്‍, എന്‍ ചന്ദ്രന്‍, എം പ്രകാശന്‍, ബാബു ഗോപിനാഥ്, വി രാജേഷ്‌പ്രേം നേതൃത്വം നല്‍കി.
പ്രചാരണത്തില്‍ ഏറെ മുന്നിട്ടുനിന്ന എസ്ഡിപിഐ ചേംബര്‍ ഹാളില്‍നിന്നു തുടങ്ങി കസാനക്കോട്ട, താണ, തായത്തെരു റോഡ് വഴി അറക്കല്‍ വാര്‍ഡിലെ കണ്ണൂര്‍ സിറ്റിയില്‍ സമാപിച്ചു. കെ കെ അബ്ദുല്‍ജബ്ബാര്‍, ബി ശംസുദ്ദീന്‍ മൗലവി, എ ആസാദ്, സ്ഥാനാര്‍ഥികളായ കെ പി സഫൂറ, എം പി റഫീഖ്, എ ഫൈസല്‍, സഫൂറ നേതൃത്വം നല്‍കി. ഗാനങ്ങളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ നഗരത്തെ ആവേശത്തിമര്‍പ്പിലാഴ്ത്തിയാണ് കലാശക്കൊട്ട് സമാപിച്ചത്. ബിജെപിയാവട്ടെ മല്‍സരിക്കുന്ന ഡിവിഷനുകളിലെ അതാത് കേന്ദ്രങ്ങളിലേക്ക് കലാശപ്പോര് ചുരുക്കി. എല്ലായിടത്തും സംഘര്‍ഷമൊഴിവാക്കാന്‍ പോലിസും നിലയുറപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it