kannur local

കണ്ണൂര്‍ കോട്ടയില്‍ ഖനനം തുടരുന്നു; പീരങ്കിയുണ്ടകള്‍ 11,250 കവിഞ്ഞു

കണ്ണൂര്‍: സെന്റ് ആഞ്ചലോസ് കോട്ടയില്‍ പീരങ്കിയുണ്ടകള്‍ കണ്ടെത്താനുള്ള ഉദ്ഖനനം തുടരുന്നു. ഇന്നലെ മാത്രം 2750 പീരങ്കിയുണ്ടകള്‍ കൂടി പുറത്തെടുത്തു. ഇതോടെ നാലു ദിവസത്തിനുള്ളില്‍ കണ്ടെടുത്ത പീരങ്കിയുണ്ടകളുടെ എണ്ണം 11250 കവിഞ്ഞു.
കോട്ടയുടെ പ്രധാന കവാടത്തിന്റെ ഇടതുഭാഗത്തെ കൂറ്റന്‍ മാവിന്‍ ചുവട്ടില്‍ നാലിടങ്ങളിലാണ് പീരങ്കിയുണ്ട ശേഖരം കണ്ടെത്തിയത്. ഇതില്‍ ചതുരാകൃതിയിലുള്ള രണ്ട് കുഴികളില്‍ നിന്നുള്ള മുഴുവന്‍ ഉണ്ടകളും പുറത്തെടുത്തു കഴിഞ്ഞു. മൂന്നാമത്തെ വൃത്താകൃതിയിലുള്ള കുഴിയിലാണ് ഇപ്പോഴും ഉദ്ഖനനം നടക്കുന്നത്. നാലാമത്തെ കുഴിയിലെ ഉണ്ടകള്‍ അടുത്തദിവസം മാത്രമേ നീക്കം ചെയ്യുകയുള്ളൂ.
കോട്ടയില്‍ ആരംഭിക്കുന്ന ലൈറ്റ് ആന്റ് സൗണ്ട് ഷോയ്ക്കായി കേബിള്‍ ഇടുന്നതിന്റെ ഭാഗമായി കുഴിയെടുത്തപ്പോഴാണ് പീരങ്കിയുണ്ടകളുടെ ശേഖരം കണ്ടെത്തിയത്.
ആദ്യദിനത്തില്‍ രണ്ടായിരത്തോളം ഉണ്ടകള്‍ കണ്ടെടുത്തതോടെ തൃശൂരില്‍ നിന്നു പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പീരങ്കിയുണ്ടകള്‍ ലഭിക്കുന്ന കോട്ടയായി കണ്ണൂര്‍ കോട്ട മാറി. കോട്ടയുമായുള്ള ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഏത് കാലഘട്ടത്തില്‍ ഉപയോഗിച്ചതാണിവയെന്നതും ഇവയുടെ നിര്‍മാണത്തെ കുറിച്ചും തുടര്‍ പഠനങ്ങള്‍ നടത്തും.
കാലഗണന നിര്‍ണയിക്കാനാവശ്യമായ പഠനങ്ങളും പുരാവസ്തു വകുപ്പ് നടത്തും. മുഴുവന്‍ പീരങ്കിയുണ്ടകളും ശേഖരിച്ച് കോട്ടയില്‍ തന്നെ പ്രത്യേകം സൂക്ഷിക്കാനാണ് പുരാവസ്തു വകുപ്പിന്റെ പദ്ധതി. കേന്ദ്ര പുരാവസ്തു വകുപ്പ് തൃശൂര്‍ സര്‍ക്കിള്‍ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് ടി ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം കോട്ടയിലെത്തി പരിശോധന നടത്തിയിരുന്നു.
വരുംദിവസങ്ങളിലും ഖനനം തുടരനാണു തീരുമാനം. കേന്ദ്രപുരാവസ്തുവകുപ്പ് തൃസൂര്‍ സര്‍ക്കിള്‍ അസി. ആര്‍ക്കിയോളജിസ്റ്റ് സി കുമാരന്റെ നേതൃത്വത്തിലാണ് ഉദ്ഖനനം തുടരുന്നത്. കുഴിയെടുക്കല്‍ തുടരുന്നതിനാല്‍ ലൈറ്റ് ആന്റ് സൗണ്ട് ലേസര്‍ ഷോയുടെ പ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it