Flash News

കണ്ണൂര്‍, കരുണ: വീണ്ടും നാണംകെട്ട് സംസ്ഥാന സര്‍ക്കാര്‍, കോടതിയലക്ഷ്യമെന്ന് സുപ്രിം

കോടതിന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് ബില്ല് പരിഗണിക്കാന്‍ ഗവര്‍ണര്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഓര്‍ഡിനന്‍സ് റദ്ദാക്കിക്കൊണ്ടുള്ള കോടതി വിധിക്കു പിന്നാലെ, ബില്ല് തയ്യാറാക്കിയ സംസ്ഥാന സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റേത് കടുത്ത കോടതിയലക്ഷ്യമാണെന്ന് കോടതി വ്യക്തമാക്കി. കോടതി ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളി. തങ്ങളുടെ മുന്‍ ഉത്തരവില്‍ ഒരു വ്യക്തതക്കുറവുമില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.
നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ കോടതിയില്‍ പറഞ്ഞത്. ഇതിനു കാരണം സുപ്രിംകോടതിയുടെ ഉത്തരവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് ഞങ്ങള്‍ പ്രതീക്ഷിച്ചതാണെന്നായിരുന്നു ഇതിനോട് ബെഞ്ചിലെ അരുണ്‍ മിശ്ര പ്രതികരിച്ചത്. ഇതേത്തുടര്‍ന്നാണ് ഉത്തരവില്‍ വ്യക്തത വരുത്തണമെന്നും എങ്കിലേ ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാന്‍ സാധിക്കൂവെന്നും രഞ്ജിത് കുമാര്‍ പറഞ്ഞത്. എന്നാല്‍, ഉത്തരവില്‍ എന്തു വ്യക്തതയാണ് വേണ്ടതെന്നായിരുന്നു കോടതിയുടെ മറുചോദ്യം. തുടര്‍ന്ന്, മെഡിക്കല്‍ കൗണ്‍സിലിന്റെ ഹരജിയില്‍ വിശദമായി വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, ഇത് നേരത്തേയാക്കണമെന്ന് ആവശ്യപ്പെട്ട് ചില അഭിഭാഷകര്‍ ബഹളംവച്ചു.
കേസ് വേനലവധിക്കുശേഷം ജൂലൈ മൂന്നാംവാരം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. ബഹളംവച്ച അഭിഭാഷകരെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. മുമ്പൊരിക്കലും ഇല്ലാത്തവിധം അഭിഭാഷകര്‍ കോടതിയെ നശിപ്പിക്കുകയാണെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ഒരൊറ്റ അമ്പുകൊണ്ട് എല്ലാവരെയും കൊല്ലാനാണ് അഭിഭാഷകരുടെ ശ്രമമെന്ന് ബെഞ്ച് പറഞ്ഞു.
ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇതു വീക്ഷിച്ച് ചിരിക്കുകയാണ്. ഇതൊന്നും ഞങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് അദ്ദേഹം കരുതുന്നത്. കോടതിയുണ്ടെങ്കിലേ അഭിഭാഷകര്‍ക്ക് നിലനില്‍പ്പുള്ളൂവെന്ന കാര്യം എല്ലാവരും ഓര്‍ക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. അഭിഭാഷകര്‍ അടക്കമുള്ളവര്‍ ചാനലുകളിലും മറ്റും കയറിയിരുന്ന് വായില്‍ തോന്നിയത് പറയുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it