കണ്ണൂര്‍ എസ്പിക്കെതിരേ സിപിഎം; മീന്‍കച്ചവടമാണു നല്ലതെന്ന് വിഎസ്

കണ്ണൂര്‍: തിരഞ്ഞെടുപ്പു ദിവസം അക്രമമുണ്ടായാല്‍ സ്ഥാനാര്‍ഥിക്കെതിരേ കേസെടുക്കുമെന്ന കണ്ണൂര്‍ ജില്ലാ പോലിസ് മേധാവിയുടെ മുന്നറിയിപ്പു നോട്ടീസിനെതിരേ സിപിഎമ്മും വിഎസും രംഗത്ത്. ക്രമസമാധാനം പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മീന്‍കച്ചവടത്തിനു പോവുന്നതാണു നല്ലതെന്നായിരുന്നു വിഎസിന്റെ പരിഹാസം. പോളിങ് ബൂത്തിലോ കേന്ദ്രത്തിലോ വഴിയിലോ അക്രമമുണ്ടായാല്‍ അക്രമികള്‍ മാത്രമല്ല, സ്ഥാനാര്‍ഥിയും പ്രതിയാവുമെന്നായിരുന്നു കഴിഞ്ഞ ദിവസം വിവിധ സ്ഥാനാര്‍ഥികള്‍ക്ക് ജില്ലാ പോലിസ് മേധാവി പി എന്‍ ഉണ്ണിരാജന്‍ അയച്ച നോട്ടീസിലുണ്ടായിരുന്നത്. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍, കൈയേറ്റം ചെയ്യല്‍, പോളിങ് കേന്ദ്രത്തിലേക്കുള്ള യാത്ര തടയല്‍ തുടങ്ങി പോളിങിനു തടസ്സമുണ്ടാക്കുന്ന ഏതു പ്രവൃത്തിക്കും സ്ഥാനാര്‍ഥി ഉത്തരവാദിയാവുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. എസ്പിയുടെ നോട്ടീസ് നിയമവിരുദ്ധവും തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനവുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ഭരണകക്ഷിക്കുവേണ്ടി എസ്പി ദാസ്യവൃത്തി ചെയ്യുകയാണെന്നും സെക്രട്ടേറിയറ്റ് ആരോപിച്ചു.
അതേസമയം, ഡിജിപി ടി പി സെന്‍കുമാര്‍ ഇന്ന് ജില്ലയിലെത്തും. തിരഞ്ഞെടുപ്പു സുരക്ഷ വിലയിരുത്താനെത്തുന്ന അദ്ദേഹം എസ്‌ഐ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ജില്ലയില്‍ 1065 പ്രശ്‌ന ബൂത്തുകളുണ്ടെന്നാണു കണക്കാക്കിയിട്ടുള്ളത്. 643 ബൂത്തുകളില്‍ വെബ്കാസ്റ്റ് നടത്തണമെന്ന് ഇന്റലിജന്‍സ് എഡിജിപി റിപോര്‍ട്ട് നല്‍കിയിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നം കാരണം 400ലേറെ ബൂത്തുകളിലാണ് വെബ് കാസ്റ്റിങ് സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it