kannur local

കണ്ണൂര്‍, ഇരിക്കൂര്‍ മണ്ഡലത്തെ ചൊല്ലി കോണ്‍ഗ്രസ്സില്‍ തര്‍ക്കം തുടരുന്നു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് മല്‍സരിക്കുന്ന ഇരിക്കൂറിലും കണ്ണൂരിലും നാലാംദിവസത്തിലും തര്‍ക്കം രൂക്ഷമായി തുടരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റിയില്‍ കഴിഞ്ഞ 29മുതല്‍ തര്‍ക്കം നിലനില്‍ക്കുന്ന മണ്ഡലമാണ് ഇരിക്കൂറും കണ്ണൂരും. രണ്ടുമണ്ഡലങ്ങളും കോണ്‍ഗ്രസ് വിജയപ്രതീക്ഷ വച്ചുപുലര്‍ത്തുന്ന സിറ്റിങ് സീറ്റുകളാണെന്നതും ശ്രദ്ധേയം.
ഇരിക്കൂറില്‍ കെ സി ജോസഫിനെ ചൊല്ലി വി എം സുധീരനും ഉമ്മന്‍ചാണ്ടിയും തര്‍ക്കം തുടരുകയാണ്. കെ സി ജോസഫ്, സതീശന്‍ പാച്ചേനി, സോണി സെബാസ്റ്റിയാന്‍ എന്നുവരുടെ പേരുള്‍പ്പെടുത്തിയുള്ള പാനലാണ് ഇപ്പോള്‍ ഹൈക്കമാന്റിന് മുന്നിലുള്ളത്. കണ്ണൂരില്‍ എ പി അബ്ദുല്ലക്കുട്ടിയെ മല്‍സരിപ്പിക്കുന്നതിനെതിരേ കെ സുധാകരനും രംഗത്തുണ്ട്. ഇവിടെയും സതീശന്‍ പാച്ചേനിയുടെ പേരുണ്ട്. കൂടാതെ, ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്റെ പേരും ഉള്‍പ്പെടുന്ന പാനാലാണ് പ്രശ്‌നപരിഹാരമായി സ്‌ക്രീനിങ് കമ്മിറ്റി മുന്നോട്ട് വച്ചത്.
രണ്ടുമണ്ഡലങ്ങളുടെയും കാര്യത്തില്‍ സോണിയഗാന്ധി തീരുമാനമെടുക്കട്ടെയെന്നാണ് വി എം സുധീരനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള സ്‌ക്രീനിങ് കമ്മിറ്റിയംഗങ്ങളുടെ നിലപാട്. ഇന്നലെ രാവിലെ മുതല്‍ വിവിധ ഘട്ടങ്ങളിലായി നടത്തിയ അനുരജ്ഞന ചര്‍ച്ചകളെല്ലാം തള്ളിയാണ് വി എം സുധീരനും ഉമ്മന്‍ചാണ്ടിയും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നത്. ഇതോടെയാണ് കണ്ണൂരും ഇരിക്കൂറിലെയും തീരുമാനം കീറാമുട്ടിയായത്. ഇന്നലെ വൈകീട്ടോടെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍.
അതേസമയം, പിണറായി മല്‍സരിക്കുന്ന ധര്‍മടം നിയോജക മണ്ഡലത്തില്‍ അവസാന നിമിഷം യുഡിഎഫ് സ്ഥാനാര്‍ഥിയെ മാറ്റി. കഴിഞ്ഞ തവണ മല്‍സരിച്ച മമ്പറം ദിവാകരനെയാണ് അവസാന വട്ട ചര്‍ച്ചയില്‍ മാറ്റിനിര്‍ത്തിയത്. പകരം മുന്‍ കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എംസി ശ്രീജയെ രംഗത്തിറക്കാനാണ് യുഡിഎഫ് തീരുമാനം. മമ്പറം ദിവാകരന്‍ മണ്ഡലത്തില്‍ പ്രചരണ പരിപാടികള്‍ ആരംഭിച്ച ഘട്ടത്തിലാണ് നിര്‍ണായ തീരുമാനം എത്തിയത്.
Next Story

RELATED STORIES

Share it