Kerala Assembly Election

കണ്ണൂരും കാസര്‍ക്കോട്ടുംസംവരണ മണ്ഡലങ്ങളില്ല

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ നിന്ന് പട്ടികജാതി, വര്‍ഗ സംവരണ മണ്ഡലങ്ങള്‍ ഒഴിവാക്കിയതില്‍ ദുരൂഹത. സംസ്ഥാനത്ത് 13 പട്ടികജാതി സംവരണ മണ്ഡലങ്ങളും ഒരു പട്ടികവര്‍ഗ സംവരണ മണ്ഡലവുമാണ് ഉള്ളത്. ബാലുശ്ശേരി, വണ്ടൂര്‍, ചേലക്കര, നാട്ടിക, കുന്നത്തുനാട്, ദേവികുളം, വൈക്കം, മാവേലിക്കര, കുന്നത്തൂര്‍, അടൂര്‍, ആറ്റിങ്ങല്‍, ചിറയിന്‍കീഴ് തുടങ്ങിയവയാണു പട്ടികജാതി സംവരണ മണ്ഡലങ്ങള്‍. മാനന്തവാടിയാണ് പട്ടികവര്‍ഗ സംവരണ മണ്ഡലം. 2011വരെ ഹൊസ്ദുര്‍ഗ്, കുന്നമംഗലം, വണ്ടൂര്‍, തൃത്താല, കുഴല്‍മന്ദം, ചേലക്കര, ഞാറക്കല്‍, ദേവികുളം, വൈക്കം, പന്തളം, നെടുവത്തൂര്‍, കുന്നത്തൂര്‍ തുടങ്ങി 14 പട്ടികജാതി സംവരണ മണ്ഡലങ്ങളായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാനത്ത് 30,39,573 പട്ടികജാതി ജനസംഖ്യയാണ് ഉള്ളത്. മൊത്തം ജനസംഖ്യയുടെ 9.1 ശതമാനമാണിത്. കാസര്‍കോട് ജില്ലയില്‍ 53,253 പട്ടികജാതിക്കാരാണുള്ളത്. മൊത്തം ജനസംഖ്യയുടെ 4.08 ശതമാനമാണിത്. സംസ്ഥാനത്ത് പട്ടികവര്‍ഗക്കാരുടെ ജനസംഖ്യ 4,84,839 ആണ്. മൊത്തം ജനസംഖ്യയുടെ 1.45 ശതമാനമാണിത്. ജില്ലയില്‍ 48,857 പേരാണ് ഉള്ളത്. 1977 മുതല്‍ കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ് സംവരണ മണ്ഡലമായിരുന്നു. 1977, 80,82 കാലയളവില്‍ സിപിഐയിലെ കെ ടി കുമാരനും 1987ല്‍ കോണ്‍ഗ്രസ്സിലെ എന്‍ മനോഹരന്‍ മാസ്റ്ററും 1991-2001 കാലയളവില്‍ സിപിഐയിലെ എം നാരായണനും 2001ല്‍ സിപിഐയിലെ എം കുമാരനും 2006ല്‍ സിപിഐയിലെ പള്ളിപ്രം ബാലനും ഈ മണ്ഡലത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ ഹൊസ്ദുര്‍ഗ് സംവരണ മണ്ഡലം കാഞ്ഞങ്ങാടായി മാറി. ഇതോടെ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇ ചന്ദ്രശേഖരന്‍ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിക്കുകയും നിയമസഭയിലെത്തുകയും ചെയ്തു. ഇത്തവണയും നായര്‍ വിഭാഗത്തില്‍ നിന്നുള്ള ഇ ചന്ദ്രശേഖരനും കെപിസിസി നിര്‍വാഹകസമിതിയംഗമായ പി ഗംഗാധരന്‍ നായരുടെ മകള്‍ ധന്യാ സുരേഷുമാണ് മല്‍സരിക്കുന്നത്. നായാടി മുതല്‍ നമ്പൂതിരി വരെ എന്ന പ്രമേയത്തില്‍ ജാഥ നടത്തിയ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി നിര്‍ത്തിയതാവട്ടെ ഈഴവ വിഭാഗത്തില്‍പ്പെട്ട എം പി രാഘവനെയാണ്. ഇതോടെ ജില്ലയിലെ പട്ടികജാതി, വര്‍ഗ വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലം മേല്‍ജാതി വിഭാഗത്തിന് തീറെഴുതുകയായിരുന്നു. മറാഠികളെ പട്ടികജാതിസംവരണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനെതിരേ സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ എം നാരായണന്‍ വാര്‍ത്താസമ്മേളനം നടത്തി ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് മറ്റു പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളെ ഹനിക്കലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ സിപിഐ നേതൃത്വം എം നാരായണനെ നേരത്തെ താക്കീത് ചെയ്തിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്ന പാര്‍ട്ടികള്‍ തന്നെ അവരുടെ തട്ടകം തട്ടിയെടുത്ത സംഭവം ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it