kannur local

കണ്ണൂരില്‍ ശാസ്ത്രീയ ചോദ്യം ചെയ്യല്‍ മുറി ഉദ്ഘാടനം ഇന്ന്



കണ്ണൂര്‍: പ്രതികളെ ആധുനിക ശാസ്ത്രീയ സംവിധാനങ്ങളോടെ ചോദ്യം ചെയ്യുന്നതിനായി ജില്ലാ പോലിസ് ഒരുക്കിയ സയന്റിഫിക് ഇറോഗേഷന്‍ റൂം ഇന്നു രാവിലെ 10ന് ജില്ലാ പോലിസ് കാര്യാലയത്തില്‍ കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവ് ഉദ്ഘാടനം ചെയ്യും. ജില്ലാ പോലിസ് മേധാവി ടി ശിവവിക്രം അധ്യക്ഷത വഹിക്കും. സംസ്ഥാന പ്ലാന്‍ഫണ്ട് ഉപയോഗിച്ച് തയ്യാറാക്കിയ കേരളത്തിലെ അഞ്ചാമത്തെ ശാസ്ത്രീയ ചോദ്യംചെയ്യല്‍ മുറി കൊച്ചി മേഖലാ ഐജി പി വിജയനാണ് രൂപകല്‍പന ചെയ്തത്. ജില്ലയിലെ ഏതു പോലിസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത ഗൗരവമേറിയ കേസുകളിലെ പ്രതികളെ ഈ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യാം. ഇതിനായി സിബിഐ, എന്‍ഐഎ തുടങ്ങിയ വിവിധ ഏജന്‍സികളിലെ വിദഗ്ധരുടെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ ജില്ലയിലുണ്ട്. ഇവിടെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരുമായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്ക് യഥാസമയം ബന്ധപ്പെടാനുളള ഇന്റര്‍നെറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന ഉദ്യോഗസ്ഥര്‍ക്ക് കാണാനും നിരീക്ഷിക്കാനുമാവും. പ്രതികളില്‍നിന്ന് നിജസ്ഥിതി അറിയുന്നതിനും, ശാസ്ത്രീയ സംവിധാനങ്ങള്‍ ഉപയോഗിച്ച് സത്യം പറയിക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ മുറിയിലുണ്ട്. ചോദ്യംചെയ്യല്‍ നിരീക്ഷിക്കുന്നതിനും പ്രതിയുടെ ശാരീരിക-മാനസികാവസ്ഥകള്‍ നിരീക്ഷിക്കുന്നതിനും ഒബ്‌സര്‍വേഷന്‍ മുറിയും അടങ്ങുന്നതാണ് ഈ മുറി. ഒബ്‌സര്‍വേഷന്‍ റൂമില്‍ അനലൈസിങ് എക്യുപ്‌മെന്റ് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനു വിധേയമാക്കുന്ന പ്രതിയുടെ ഭാവഭേദങ്ങളും മൊഴികളിലെ പൊരുത്തക്കേടുകളും യഥാസമയം ഒബ്‌സര്‍വേഷന്‍ മുറിയിലെ അനലൈസിങ് എക്യുപ്‌മെന്റ്‌സില്‍ ലഭിക്കും.
Next Story

RELATED STORIES

Share it