Districts

കണ്ണൂരില്‍ റീപോളിങ് വേണ്ടെന്ന് കലക്ടറുടെ റിപോര്‍ട്ട്

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന കണ്ണൂര്‍ ജില്ലയില്‍ ഒരു ബൂത്തില്‍പോലും റീപോളിങ് ആവശ്യമില്ലെന്ന് ജില്ലാ കലക്ടറുടെ റിപോര്‍ട്ട്. ഇതുസംബന്ധിച്ച റിപോര്‍ട്ട് ജില്ലാ കലക്ടര്‍ ഡോ. പി ബാലകിരണ്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.
തിരഞ്ഞെടുപ്പ് ദിവസം ചിലയിടങ്ങളില്‍ അക്രമം നടന്നിട്ടുണ്ടെങ്കിലും അതൊന്നും പോളിങിനു തടസ്സമായിട്ടില്ലെന്നും ആയതിനാല്‍ റീപോളിങ് ആവശ്യമില്ലെന്നുമാണ് റിപോര്‍ട്ടിലുള്ളത്. പോളിങിനു തടസ്സമുണ്ടായെന്ന രീതിയില്‍ ഒരു പ്രിസൈഡിങ് ഓഫിസര്‍ പോലും കലക്ടര്‍ക്കു പരാതി നല്‍കിയിട്ടില്ല. ഓരോ പോളിങ് സ്‌റ്റേഷന്റെയും ചുമതല അതത് പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കാണ്. അവര്‍ രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രമേ കലക്ടര്‍ക്ക് റീപോളിങ് ആവശ്യപ്പെടാന്‍ കഴിയുകയുള്ളൂ. ജില്ലയിലെ ഒരു ബൂത്തിലെ പ്രിസൈഡിങ് ഓഫിസര്‍ പോലും പരാതി നല്‍കിയിട്ടില്ലെന്നു കലക്ടര്‍ പി ബാലകിരണ്‍ തേജസിനോടു പറഞ്ഞു.
അതേസമയം, പരാതികളുണ്ടെങ്കില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ വോട്ടര്‍ക്കോ കോടതിയെ സമീപിക്കാവുന്നതാണ്. കള്ളവോട്ട്, ആള്‍മാറാട്ടം, പോളിങിനു തടസ്സമുണ്ടാക്കല്‍ തുടങ്ങിയ കൃത്യങ്ങള്‍ ബോധ്യപ്പെട്ടാല്‍ ഓരോ വോട്ടറും പ്രിസൈഡിങ് ഓഫിസറെയാണു സമീപിക്കേണ്ടത്. ഇവര്‍ അത് ബോധ്യപ്പെട്ടാല്‍ മാത്രമേ മേല്‍നടപടി സ്വീകരിക്കുകയുള്ളൂ. ആള്‍മാറാട്ടത്തിനു ശ്രമിച്ചാല്‍ പ്രിസൈഡിങ് ഓഫിസര്‍ 32ാം ചട്ടപ്രകാരം കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നത്.
തിരഞ്ഞെടുപ്പ് ദിവസം ജില്ലയിലെ പോളിങ് സ്റ്റേഷനുകളിലെയും പരിസര പ്രദേശങ്ങളിലെയും ക്രമസമാധാന പ്രശ്‌നങ്ങളും മറ്റും നിരീക്ഷിക്കാനും നടപടികള്‍ സ്വീകരിക്കാനുമായി ് ജില്ലാതല കണ്‍ട്രോള്‍ റൂം തുറന്നിരുന്നു. കണ്ണൂരില്‍ ആദ്യമായാണ് കലക്ടറേറ്റില്‍ ഇത്തരത്തിലൊരു ജില്ലാതല നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്.
അതേസമയം, ജില്ലയില്‍ ഉദ്യോഗസ്ഥ പിന്തുണയോടെ തിരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമം നടന്നതായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. മാത്രമല്ല, തിരിമറി നടത്താന്‍ സഹായം ചെയ്ത പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയിച്ചിരുന്നു. 12 പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കെതിരേ തിരഞ്ഞെടുപ്പ് ദിവസംതന്നെ കണ്ണൂര്‍ ഡിസിസി തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും ഇ-മെയില്‍ വഴി പരാതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it