kannur local

കണ്ണൂരില്‍ റവന്യൂ പോക്കുവരവ് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്



കണ്ണൂര്‍: ഭൂരേഖകള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള പോക്കുവരവ് ജൂലൈ ഒന്നുമുതല്‍ ഓണ്‍ലൈനാകുന്നു. ജില്ലയിലെ ഭൂരിഭാഗം വില്ലേജ് ഓഫിസുകളും കംപ്യൂട്ടര്‍വല്‍ക്കരിക്കാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡെപ്യൂട്ടി കലക്ടറുടെയും സബ് രജിസ്ട്രാര്‍മാരുടെയും വില്ലേജ് ഓഫിസര്‍മാരുടെയും സംയുക്ത യോഗത്തില്‍ തീരുമാനമായി. 16 വില്ലേജ് ഓഫിസുകള്‍ ഒഴിച്ച് ബാക്കിയുള്ള വില്ലേജ് ഓഫിസുകള്‍ക്കും ആവശ്യമുള്ള കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും എത്തിക്കും. വില്ലേജ് ഓഫിസുകളിലെലെ ഡാറ്റ വെരിഫിക്കേഷന്‍ ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. സബ് രജിസ്ട്രാര്‍ ഓഫിസുകളും വില്ലേജ് ഓഫിസുകളും സംയോജിച്ചാണ് പദ്ധതി നടപ്പില്‍ വരുത്തുക. ജില്ലയിലെ ഓരോ ദിവസത്തെയും റവന്യൂ വരുമാനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എവിടെയിരുന്നും തിട്ടപ്പെടുത്താനാവും. പുതിയ സംവിധാനത്തില്‍ ഭൂവുടമകള്‍ക്ക് വില്ലേജ് ഓഫിസുകള്‍ കയറിയിറങ്ങാതെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ വീട്ടിലിരുന്ന് സ്വന്തം കംപ്യൂട്ടര്‍ വഴിയോ പോക്കുവരവ് നടത്തുകയും ഭൂനികുതി അടയ്ക്കുകയും ചെയ്യാം. രജിസ്റ്റര്‍ ചെയ്ത് മൂന്നുമാസത്തിനകം നികുതി രശീതികള്‍ ഓണ്‍ലൈനായി ലഭിക്കും. സബ് രജിസ്ട്രാര്‍ ഓഫിസിലേക്ക് വിവരങ്ങള്‍ ഓണ്‍ലൈനായി കൈമാറാനും കഴിയും. ആധാരം എഴുതുന്നതിനു മുമ്പ് വില്ലേജ് ഓഫിസില്‍നിന്ന് തണ്ടപ്പേരും മറ്റും വാങ്ങണം. നേരത്തെ ഈ സംവിധാനം പാലക്കാട്, വയനാട് ജില്ലകളിലെ വില്ലേജ് ഓഫിസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയര്‍ തയാറാക്കുകയും വില്ലേജുകളില്‍ പൈലറ്റ് ചെയ്യുകയും ചെയ്തു. ഇതു വിജയകരമാണെന്നു കണ്ടെത്തിയതോടെയാണ് കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പാലക്കാട്ടെ ജീവനക്കാര്‍ തയ്യാറാക്കിയ നാള്‍വഴി സോഫ്റ്റ്‌വെയറും പോക്കുവരവ് സോഫ്റ്റ്‌വെയറും നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ തയാറാക്കിയ റെലിസ് (റവന്യൂ ലാന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) സോഫ്റ്റ്‌വെയറുമായി സംയോജിപ്പിച്ചാണ് പദ്ധതി തയ്യാറാക്കുക. ഇതോടെ കരമൊടുക്കിയ നികുതി രസീതുകള്‍ എന്ന പേരില്‍ ലഭിക്കുന്ന ചെറിയ പേപ്പര്‍രേഖകള്‍ ഇല്ലാതാവും. ബ്രിട്ടിഷ് ഭരണത്തിനു ശേഷം ഇന്നു കാണുന്ന പേപ്പര്‍ മാതൃകയിലുള്ള നികുതി രശീതാണു ലഭിക്കുന്നത്. പുതിയ സംവിധാനത്തില്‍ ബാര്‍കോഡുള്ള നികുതി രശീതിയാവും ഉപഭോക്താക്കള്‍ക്ക് നല്‍കുക. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങളെല്ലാം ഓണ്‍ലൈനാവുന്നതോടെ വസ്തുവില്‍പ്പനയിലെ തട്ടിപ്പുകള്‍ക്ക് തടയിടാനാവും. വില്ലേജ് ഓഫിസുകളില്‍ ജീവനക്കാര്‍ കുറവാണെങ്കിലും അവധിദിവസങ്ങളിലുമെല്ലാം ഇക്കാര്യം നടക്കുമെന്നുള്ളതും ജനങ്ങളെ സംബന്ധിച്ച് ഉപകാരപ്രദമാണ്.
Next Story

RELATED STORIES

Share it