കണ്ണൂരില്‍ മുന്നണികള്‍ നെഞ്ചിടിപ്പില്‍

എം പി അബ്ദുല്‍ സമദ്

കണ്ണൂര്‍: പ്രചാരണത്തിന്റെ ആവേശം തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ കനത്ത പോളിങ്. യുദ്ധസമാനമായ പോലിസ് സുരക്ഷയിലും അങ്ങിങ്ങ് അരങ്ങേറിയ അനിഷ്ടസംഭവങ്ങള്‍ക്കൊന്നും കണ്ണൂരിലെ വോട്ടര്‍മാരുടെ വീറും വാശിയും ചോര്‍ത്താനായില്ല.  മികച്ച പോളിങില്‍ ശുഭാപ്തി വിശ്വാസത്തിലാണ് ഇരുമുന്നണികളും. എന്നാല്‍, കണക്കുകളുടെ അവ്യക്തത തീര്‍ക്കുന്ന സങ്കീര്‍ണതയും പിരിമുറുക്കവും ചെറുതല്ല. പ്രചാരണത്തിലെ ആവേശം ബൂത്തിലെത്തിക്കാനായതിന്റെ ആശ്വാസത്തിനൊപ്പം പെട്ടിയിലായ ജനവിധി തങ്ങള്‍ക്ക് അനുകൂലമാവുമോയെന്ന ആശങ്കയിലുമാണ് മുന്നണി നേതാക്കളും രാഷ്ട്രീയ കക്ഷികളും.

24 ഡിവിഷനുള്ള ജില്ലാ പഞ്ചായത്തിലേക്കും കണ്ണൂര്‍ കോര്‍പറേഷനിലേക്കും എട്ടു നഗരസഭകളിലേക്കും 71 ഗ്രാമപ്പഞ്ചായത്തുകളിലേക്കും 11 ബ്ലോക്ക് പഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. മിക്ക പഞ്ചായത്തുകളിലും രാവിലെ മുതല്‍ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തിയിരുന്നു. ജില്ലയിലെ എട്ടു നഗരസഭകളിലും കണ്ണൂര്‍ കോര്‍പറേഷനിലും വോട്ടെടുപ്പ് അല്‍പം മന്ദഗതിയിലായിരുന്നെങ്കിലും ഉച്ചയ്ക്കുശേഷം സ്ഥിതി മാറി. അവസാന മൂന്നു മണിക്കൂറിലാണ് പോളിങ് ശതമാനം കുതിച്ചുയര്‍ന്നത്. ആദ്യത്തെ അഞ്ചു മണിക്കൂറിനുള്ളില്‍ 32.33 ശതമാനം പോളിങാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. നഗരസഭകളില്‍ 33 ആയിരുന്നു ആസമയത്തെ വോട്ടിങ് ശതമാനം.

കണ്ണൂര്‍ കോര്‍പറേഷനില്‍ 30 ശതമാനവും രേഖപ്പെടുത്തി. എന്നാല്‍ ഉച്ചയ്ക്ക് ഒരുമണിയോടെ മൊത്തം പോളിങ് ശതമാനം 42.66 ആയി ഉയര്‍ന്നു. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പോളിങ് ശതമാനം 46ലും എത്തി. എന്നാല്‍, കോര്‍പറേഷനിലെ പോളിങ് മന്ദഗതിയിലായിരുന്നു. ആകെയുള്ള 55 ഡിവിഷനുകളിലും 36 ശതമാനം പേര്‍ മാത്രമാണ് ഉച്ചയ്ക്ക് ഒരുമണി വരെ വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍, പിന്നീട് ജില്ലയിലെ മൊത്തം പോളിങ് ശതമാനം കുതിച്ചുയര്‍ന്നു. വൈകീട്ട് നാലുമണി വരെ 66.66 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.സംസ്ഥാനതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട രാഷ്ട്രീയവിവാദങ്ങള്‍ കൊണ്ട് സംഭവബഹുലമായ കണ്ണൂര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്.
Next Story

RELATED STORIES

Share it