kannur local

കണ്ണൂരില്‍ പുതിയ എസ്പി ഉടന്‍ ചുമതലയേല്‍ക്കും

കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള പോലിസ് സേനയിലെ രണ്ടാംഘട്ട സ്ഥലംമാറ്റത്തിന്റെ ഭാഗമായി കണ്ണൂരില്‍ പുതിയ ജില്ലാ പോലിസ് ചീഫ് ഉടന്‍ ചുമതലയേല്‍ക്കും. ഉത്തര്‍പ്രദേശ് ലക്‌നോ സ്വദേശിയായ കോറി സഞ്ജയ്കുമാര്‍ ഗുര്‍ദിന്‍ ആണ് പുതിയ എസ്പി. നിലവിലുള്ള എസ്പി പി ഹരിശങ്കറിനെ നാലുമാസത്തെ സേവനത്തിനു ശേഷം പത്തനംതിട്ടയിലേക്കാണു സ്ഥലംമാറ്റിയത്. ഹരിശങ്കര്‍ കഴിഞ്ഞ ഫെബ്രുവരി 11നു ചുമതലയേറ്റത്. തിരഞ്ഞെടുപ്പില്‍ വന്‍ സുരക്ഷയൊരുക്കുകയും സംഘര്‍ഷമില്ലാത്ത വോട്ടെടുപ്പ് നടത്തുകയും ചെയ്തത് ഹരിശങ്കറിന്റെ നേട്ടമാണ്. പുതുതായെത്തുന്ന എസ്പി കോറി സഞ്ജയ്കുമാര്‍ ഗുര്‍ദിന്‍ നേരത്തേ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായ ഇടപെട്ട് ഏറെ പ്രശംസ നേടിയ ഉദ്യോഗസ്ഥനാണ്. കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് കൈക്കൊള്ളേണ്ട മുന്‍കരുതലുകളെ കുറിച്ചു ബോധവല്‍ക്കരണത്തിനായി പ്രത്യേക പദ്ധതി തന്നെ തയ്യാറാക്കിയിരുന്നു. വിദ്യാലയങ്ങളില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി 'ഈസ് യുവര്‍ ചൈല്‍ഡ് സേഫ്' എന്ന പേരില്‍ ഇന്റര്‍നെറ്റ് സെക്യൂരിറ്റി ഗൈഡ് വീഡിയോ പുറത്തിറക്കി. സമൂഹ മാധ്യമങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും മുന്‍കരുതലുകളും വിവരിക്കുന്ന വീഡിയോ വന്‍ പ്രചാണം നേടുകയും ഇതു പിന്നീട് എസ്‌സിഇആര്‍ടി ഒമ്പത്, 10 ക്ലാസുകളിലെ ഐടി പാഠ്യവിഷയത്തിലും ഉള്‍പ്പെടുത്തുകയും ചെയ്തു. തിരുവനന്തപുരം ഡിസിപി ആയിരുന്നപ്പോള്‍ സഞ്ജയ്കുമാര്‍ ഗുര്‍ദിന്‍ വാഹനാപകടങ്ങള്‍ കുറയ്ക്കാനും കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമായി നടപ്പാക്കിയ പദ്ധതികളും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ശാസ്ത്രീയമായ ബസ്‌ബേകള്‍, കാല്‍നടയാത്രക്കാര്‍ക്കുള്ള പാത, സീബ്ര ക്രോസിങ് എന്നിവ ഇദ്ദേഹത്തിന്റെ ഭരണപാടവം തെളിയിക്കുന്നതാണ്. 2005 കേരള ബാച്ച് ഐപിഎസുകാരനായ സഞ്ജയ്കുമാര്‍ ഗുര്‍ദീന്‍ കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷനിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it