Flash News

കണ്ണൂരില്‍ പട്ടാളനിയമം ആവശ്യമില്ല : കോടിയേരി



കണ്ണൂര്‍: കേരളത്തില്‍ പട്ടാളനിയമത്തിന്റെയോ കരിനിയമത്തിന്റെയോ ആവശ്യമില്ലെന്നും സിപിഎമ്മിനെ പട്ടാളഭരണം ഉപയോഗിച്ച് ഒതുക്കാനുള്ള ആര്‍എസ്എസിന്റെ താല്‍പര്യമാണ് കുമ്മനം രാജശേഖരന്റെ പ്രസ്താവനയ്ക്കു പിറകിലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പട്ടാളനിയമമായ അഫ്‌സ്പയും മറ്റും കേരളത്തില്‍ ഏര്‍പ്പെടുത്തണമെന്ന കുമ്മനത്തിന്റെ നിലപാട് എരിതീയില്‍ എണ്ണയൊഴിക്കുന്നതാണ്. കരിനിയമമെന്ന ഓലപ്പാമ്പ് കാണിച്ച് സിപിഎമ്മിനെ ഭയപ്പെടുത്താന്‍ നോക്കേണ്ട. അങ്ങനെ ഭയപ്പെടുന്നവരല്ല തങ്ങള്‍. ഭരണപരവും രാഷ്ട്രീയവുമായ ഇടപെടലാണ് സമാധാനത്തിന് ആവശ്യം. രാമന്തളി കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പാര്‍ട്ടി കര്‍ശന നടപടിയെടുക്കും. ഇക്കാര്യം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും തീരുമാനിച്ചതാണ്. അതേ നയം പാലിക്കാന്‍ ബിജെപി തയ്യാറുണ്ടോയെന്ന് കോടിയേരി ചോദിച്ചു. ഇത്തരം പ്രവര്‍ത്തനം നടത്തുന്നവരെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തള്ളിക്കളയണം. അവര്‍ക്ക് സഹായം നല്‍കരുത്. കണ്ണൂര്‍ വിഷയത്തില്‍ അഞ്ചിലേറെ സമാധാന യോഗങ്ങളാണ് സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമായി മുഖ്യമന്ത്രി മുന്‍കൈയെടുത്ത് നടത്തിയത്. എന്നാല്‍, അത് ലംഘിക്കുന്ന ഇടപെടലുകള്‍ ഇരുഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അത്തരക്കാരെ സിപിഎം തള്ളിപ്പറയും. കേരളത്തില്‍ ജനം തിരഞ്ഞെടുത്ത സര്‍ക്കാരുണ്ട്. അതിനെ ഭരിക്കാന്‍ അനുവദിക്കണം. സുപ്രിംകോടതിപോലും അത്തരം നിയമങ്ങള്‍ക്കെതിരാണെന്ന് ബിജെപി മനസ്സിലാക്കണം.   സിപിഎം പ്രവര്‍ത്തകരെ മാത്രമല്ല ഇവര്‍ ആക്രമിക്കുന്നത്. ബിജെപിക്കാരും ആര്‍എസ്എസുകാരും തമ്മില്‍ത്തല്ലുകയാണ്. ബിജെപിക്കുള്ളിലെ ചേരിപ്പോര് അത്ര രൂക്ഷമാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it