kannur local

കണ്ണൂരില്‍ കെഎസ്ആര്‍ടിസി സര്‍വീസ് താളംതെറ്റി



കണ്ണൂര്‍: സിങിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തിയ സമരം ജില്ലയിലും ബസ് സര്‍വീസിനെ താളംതെറ്റിച്ചു. വിവിധ യൂനിയനുകളില്‍പ്പെട്ട ജീവനക്കാര്‍ സമരത്തിലേര്‍പ്പെട്ടതോടെ സര്‍വീസ് രാവിലെ തന്നെ സ്തംഭനാവസ്ഥയിലായി. കണ്ണൂര്‍ ഡിപ്പോയില്‍ ദിവസേന 101 ഷെഡ്യൂളുകളാണുള്ളത്. ഇതില്‍ 90ഓളം ഷെഡ്യൂളുകള്‍ സര്‍വീസ് നടത്തിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി മെക്കാനിക്കല്‍ ഡിപ്പോ സെന്ററില്‍ നിന്നു സര്‍ട്ടിഫൈ ചെയ്ത 52 ബസ്സുകള്‍ സര്‍വീസ് നടത്തി രാവിലെ തന്നെ തിരിച്ചെത്തിയിരുന്നു. രണ്ടാം ഷെഡ്യൂളില്‍ സര്‍ട്ടിഫൈ ചെയ്യാത്തതിനാല്‍ ബാക്കിയുള്ളവയില്‍ ഭൂരിഭാഗത്തിനും സര്‍വീസ് നടത്താനായില്ല. കണ്ണൂര്‍ ഡിപ്പോയില്‍ 80 ഓളം ജീവനക്കാരാണ് മെക്കാനിക്കല്‍ വിഭാഗത്തിലുള്ളത്. സുശീല്‍ ഖന്ന റിപോര്‍ട്ട് നടപ്പാക്കി തൊഴിലാളികള്‍ക്ക് സ്‌റ്റേ റൂം, കാന്റീന്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് മെക്കാനിക്കല്‍ ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി സമരം നടത്തിയത്. ഉച്ചയ്ക്കു ശേഷം ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി യൂനിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം പിന്‍വലിച്ചെന്ന് അറിയിപ്പ് വന്നെങ്കിലും നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലെ ധാരണകള്‍ അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വൈകീട്ട് ജോലിക്കെത്തിയ ജീവനക്കാര്‍ ജോലിയില്‍ കയറാതിരുന്നത് വീണ്ടും ആശങ്കയ്ക്കിടയാക്കി. കെഎസ്ആര്‍ടിസി പണിമുടക്ക് മലയോരയാത്രക്കാരെയാണ് കൂടുതല്‍ ബാധിച്ചത്. സാധാരണ റൂട്ടുകളില്‍ യാത്രയ്ക്കായി കാത്തിരുന്നവര്‍ ബസ് കിട്ടാതെ വലഞ്ഞു. സംയുക്ത തൊഴിലാളി പണിമുടക്കല്ലാത്തതിനാല്‍ യാത്രക്കാര്‍ പണിമുടക്കിനെ കുറിച്ച് അറിയാത്തതും തിരിച്ചടിയായി.


മലയോരത്ത് വേനല്‍ മഴയില്‍ വന്‍ നാശനഷ്ടംചെറുപുഴ: വേനല്‍ മഴയില്‍ വന്‍ നാശനഷ്ടം. കോഴിച്ചാല്‍ കുണിയങ്കല്ലില്‍ 800 കുലച്ച നേന്ത്രവാഴകളാണ് തിങ്കളാഴ്ച എട്ടരയോടെയുണ്ടായ കനത്ത കാറ്റിലും മഴയിലും ഒടിഞ്ഞു വീണത്. കോഴിച്ചാല്‍ കുണിയങ്കല്ലിലെ കണ്ടങ്കോല്‍ വിജയന്റെ നേന്ത്രവാഴത്തോട്ടമാണ് കാറ്റില്‍ നശിച്ചത്. 2000 വാഴകള്‍ വെച്ചതില്‍ പകുതിയോളം കാറ്റില്‍ ഒടിഞ്ഞു വീണു. കുലച്ച വാഴകളായിരുന്നു ഏറെയും. വീടിനു സമീപത്ത് പാട്ടത്തിനെടുത്ത സ്ഥലത്താണ് വിജയന്‍ വാഴകൃഷി ചെയ്തിരുന്നത്. വേനല്‍ മഴ മലയോരത്ത് എന്നും പേടിസ്വപ്‌നമാണ്. മഴയ്‌ക്കൊപ്പമെത്തുന്ന ശക്തിയേറിയ കാറ്റ് എല്ലാ വര്‍ഷവും കനത്ത നാശനഷ്ടങ്ങളാണ് വരുത്തി വെയ്ക്കുന്നത്.
Next Story

RELATED STORIES

Share it