kannur local

കണ്ണൂരില്‍ ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന് അഞ്ചുകോടി : ആരോഗ്യമന്ത്രി



കണ്ണൂര്‍: ആയുര്‍വേദത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കണ്ണൂര്‍ കേന്ദ്രീകരിച്ച് അന്താരാഷ്ടര നിലവാരമുളള ആയുര്‍വേദ ഗവേഷണ കേന്ദ്രം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബജറ്റില്‍ ഉള്‍പ്പെടുത്തി പദ്ധതിക്ക് ആദ്യഘട്ടമായി 5 കോടി രൂപ അനുവദിച്ചു. സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിച്ചുവരികയാണ്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഗവ. ഹോമിയോ ആശുപത്രിയില്‍ വന്ധ്യതാ ചികില്‍സാ കെട്ടിടത്തിന്റെ തറകല്ലിടല്‍ കര്‍മം മന്ത്രി നിര്‍വഹിച്ചു. വന്ധ്യതാ നിവാരണ പദ്ധതിയിലൂടെ മാതൃകാപരമായ മുന്നേറ്റം കൈവരിച്ച കണ്ണൂര്‍ കേന്ദ്രത്തെ സംസ്ഥാനത്തെ മികച്ച കേന്ദ്രമായി ഉയര്‍ത്തുമെന്ന് അവര്‍ പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ നിര്‍മാണം പൂര്‍ത്തിയാക്കും. നാഷനല്‍ ആയുഷ് മിഷനില്‍നിന്ന് ഇതിനകം 81 ലക്ഷം രൂപ പദ്ധതിക്കായി ലഭിച്ചിട്ടുണ്ട്. രണ്ടുകോടി രൂപയാണ് മിഷന്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍, ഇതിനായി കാത്തുനില്‍ക്കാതെ ഹോമിയോപതി ചികില്‍സയ്ക്കാവശ്യമായ ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കും.    ഹോമിയോപതി വന്ധ്യതാ ചികില്‍സാ കേന്ദ്രം ഇന്ത്യയില്‍ തന്നെ ആദ്യത്തെ സംരംഭമാണെന്ന് റിപോര്‍ട്ട് അവതരിപ്പിച്ച ഹോമിയോപതി വകുപ്പ് ഡയറക്ടര്‍ ഡോ. കെ ജമുന പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വന്ധ്യതയ്ക്ക് ചികില്‍സ തേടി ആളുകള്‍ ഇവിടെയെത്തുന്നുണ്ട്. ഇവിടുത്തെ ചികില്‍സയുടെ ഫലമായി 334 സ്ത്രീകള്‍ ഇതിനകം ഗര്‍ഭം ധരിച്ചു. ഇവരില്‍ 174 പേര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കി. ബാക്കിയുള്ളവര്‍ ഗര്‍ഭത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ചില കേസുകളില്‍ ഗര്‍ഭച്ഛിദ്രമുണ്ടായതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി.സുമേഷ് അധ്യക്ഷത വഹിച്ചു. അമ്മയും കുഞ്ഞും ഒപി യിലെ ചികില്‍സയിലൂടെ കുഞ്ഞ് പിറന്നവരുടെ കുടുംബസംഗമം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ പേര് ജനനി എന്നാക്കി പുനര്‍നാമകരണം മേയര്‍ ഇ പി ലത നിര്‍വഹിച്ചു. പദ്ധതിയുടെ ലോഗോ പ്രകാശനവും കുഞ്ഞുങ്ങള്‍ക്കുള്ള ഉപഹാരവിതരണവും പി കെ ശ്രീമതി എംപി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂല്‍, ജാനകി, ഇ ബീന, ഡോ. ജി ശിവരാമകൃഷ്ണന്‍, ഡോ ആര്‍ റെജികുമാര്‍, ഡോ. എസ് ശ്രീവിദ്യ സംസാരിച്ചു.
Next Story

RELATED STORIES

Share it