kannur local

കണ്ണൂരില്‍ അങ്ങിങ്ങ് അക്രമം; അഴീക്കോട്ട് ബോംബേറ്

കണ്ണൂര്‍: പൊതുവെ സമാധാനപരമായി വോട്ടെടുപ്പ് നടന്ന ജില്ലയില്‍ ഇതിനു ശേഷവും ഇന്നലെ രാത്രിയുമായി അങ്ങിങ്ങ് അക്രമം. അഴീക്കോട് സിപിഎം നേതാവിന്റെ വീടിനു ബോംബെറിഞ്ഞു. പലയിടത്തും സിപിഎം-ലീഗ് പ്രവര്‍ത്തകരും ചിലയിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകരും അക്രമത്തില്‍ പങ്കാളികളായി. എന്നാല്‍ കാര്യമായ ഭീതിയുടെ അന്തരീക്ഷമൊന്നും നിലനില്‍ക്കുന്നില്ല. കഴിഞ്ഞ ദിവസം രാത്രി 12ഓടെയാണ് അഴീക്കോട് കയനി വയലില്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി മണ്ടൂക്ക് മോഹനന്റെ വീടിനു നേരെ ബോംബെറിഞ്ഞത്. ഇരുനില വീടിന്റെ രണ്ട് ജനല്‍പാളികള്‍ ബോംബേറില്‍ തകര്‍ന്നു.
വീട്ടുചുമരില്‍ ബോംബിന്റെ ചീളുകള്‍ തറക്കുകയും മതിലിനും കേടുപാട് സംഭവിക്കുകയും ചെയ്തു. വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനും പോറലേറ്റിട്ടുണ്ട്. വീടിന്റെ ചുവരില്‍ ബോംബ് തട്ടി ഉഗ്രശബ്ദത്തോടെ സ്‌ഫോടനം നടക്കുകയായിരുന്നു. ബൈക്കിലെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണു ബോംബെറിഞ്ഞതെന്നാണു സിപിഎം ആരോപണം. പാപ്പിനിശ്ശേരി വെസ്റ്റില്‍ ലീഗ് നിയന്ത്രണത്തിലുള്ള സിഎച്ച് സൗധം ആക്രമിച്ചു. ഓഫിസിനുള്ളിലെ ഫര്‍ണിച്ചറുകളും മറ്റും നശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു ലീഗ് ആരോപിച്ചു. അഴീക്കോട് ചാലില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി പി പി ഹരീഷിന്റെ കാറിന് നേരെ കല്ലേറുണ്ടായി. ഹരീഷിനു പരിക്കേറ്റിട്ടുണ്ട്.
എടചൊവ്വയിലെ ബിജെപി പ്രവര്‍ത്തകന്‍ വി പി ജിതിന്(27)മര്‍ദ്ദനമേറ്റു. അഖില്‍, പ്രഭുല്‍, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. തലശ്ശേരി തെരൂര്‍ പാലയോടെ ബിജെപി പ്രവര്‍ത്തകന്‍ പി ഷിജിലി(26)നെ മര്‍ദ്ദനമേറ്റ നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചെന്നാണ് പരാതി. പാപ്പിനിശ്ശേരി വെസ്റ്റ് ഗവ. യുപി സ്‌കൂളിനു സമീപത്ത് കഴിഞ്ഞ ദിവസം വൈകീട്ട് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ പോലിസ് കേസെടുത്തു. ഫലപ്രഖ്യാപന ദിവസം പലയിടത്തും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി പോലിസ് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. വോട്ടെണ്ണല്‍ ദിനത്തിലും കനത്ത ജാഗ്രത പാലിക്കാനാണു പോലിസിനു നിര്‍ദേശം ലഭിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it