കണ്ണൂരിലേത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനം

തിരുവനന്തപുരം: കണ്ണൂര്‍ കോര്‍പറേഷനില്‍ പി കെ രാഗേഷിന്റെ സമ്മര്‍ദത്തിന് വഴങ്ങാതിരുന്ന ഡിസിസിയുടെ തീരുമാനത്തെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ രംഗത്ത്. കണ്ണൂരിലേത് പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് സുധീരന്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ സിപിഎം അവസരവാദപരമായ നിലപാട് സ്വീകരിക്കുകയും രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുകയും ചെയ്തു. വിമതരുമായി അവര്‍ക്കെങ്ങനെ പൊരുത്തപ്പെടാനാവുമെന്നും സുധീരന്‍ ചോദിച്ചു.
യുഡിഎഫിന്റെ ധാര്‍മികമായ കരുത്ത് പ്രകടമാക്കിയ തിരഞ്ഞെടുപ്പായിരുന്നു. ഒരിടത്തും അവിഹിതമായ നടപടി സ്വീകരിച്ചിട്ടില്ല. വിമതരുമായി സഹകരിച്ചിരുന്നെങ്കില്‍ ഒന്നോ രണ്ടോ നഗരസഭയുടെ ഭരണം കിട്ടുമായിരുന്നു. അതുപോലും വേണ്ടെന്നുവച്ച് തെറ്റായ സന്ദേശം നല്‍കരുതെന്ന ധാരണയോടുകൂടിയാണ് യുഡിഎഫ് മുന്നോട്ടു പോയത്.
കണ്ണൂരിലെ വിമതന്‍ സംഘടനാപരമായി ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു പാര്‍ട്ടിക്കും നടപ്പാക്കാന്‍ കഴിയാത്ത വ്യവസ്ഥകള്‍ വച്ചുകൊണ്ട് സിപിഎമ്മിനെ പിന്തുണയ്ക്കാനുള്ള വഴിയൊരുക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പ്രശ്‌നപരിഹാരത്തിന് കെ സുധാകരന്‍ പൂര്‍ണ പിന്തുണ നല്‍കി. സുധാകരനെ കുറ്റപ്പെടുത്തുന്ന രാഗേഷിന്റെ സമീപനം അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസ്സില്‍ ഇനിയും ആഭ്യന്തരപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സിപിഎമ്മിന്റെ കൈയിലെ കരുവായി അദ്ദേഹം മാറുന്ന സ്ഥിതിയുണ്ടാവും. രാഗേഷിന്റെ വാക്കുകള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. സിപിഎമ്മിന് വോട്ട് ചെയ്തതോടെ രാഗേഷിന്റെ എല്ലാ അവകാശവാദങ്ങളും പൊളിഞ്ഞു. രാഗേഷിന്റെ ജനസമ്മതി സംബന്ധിച്ച ചോദ്യത്തിന് കാരായിമാരും ജയിച്ചല്ലോ എന്നായിരുന്നു സുധീരന്റെ മറുപടി.
മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസ്-എമ്മും സിപിഎമ്മിനെ സഹായിച്ചോയെന്ന കാര്യം പിന്നീട് വിശദമായി പരിശോധിക്കും. വ്യക്തിപരവും പ്രാദേശികവുമായ കാരണങ്ങള്‍ കൊണ്ട് യുഡിഎഫിന് വിരുദ്ധമായി പോകുന്നത് ശരിയല്ല. മലപ്പുറത്ത് ചിലയിടത്ത് സൗഹൃദ മല്‍സരങ്ങളുണ്ടായി. അവിടെയും ഭരണസമിതി തിരഞ്ഞെടുപ്പില്‍ യുഡിഎഫായി പോകണമെന്ന നിര്‍ദേശമാണ് കെപിസിസി നല്‍കിയത്. മലപ്പുറത്ത് പാര്‍ട്ടി ചിഹ്നത്തില്‍ ജയിച്ചു വന്നവര്‍ക്ക് ഡിസിസി പ്രസിഡന്റ് വിപ്പ് നല്‍കിയിരുന്നു. അതു പാലിക്കാത്തവരുടെ ലിസ്റ്റ് തരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിപ്പ് ലംഘിച്ചവരുടെ പേരില്‍ നടപടിയെടുക്കുമെന്നും സുധീരന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it