kannur local

കണ്ണൂരിലെ വീട് കൊള്ള: പ്രതികള്‍ ഉടന്‍ പിടിയിലായേക്കും

കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് വീട് കൊള്ളയടിച്ച കേസില്‍ പ്രതികള്‍ ഉടന്‍ പിടിയിലായേക്കുമെന്നു സൂചന. താഴെചൊവ്വ തെഴുക്കിലെ പീടികയ്ക്കു സമീപം ഉരുവച്ചാലില്‍ വീട്ടില്‍ക്കയറിയാണ് മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് വീട് കൊള്ളയടിച്ചത്. സ്വര്‍ണവും പണവും മോഷ്ടിക്കുകയും ദമ്പതികളെ കെട്ടിയിട്ട് മര്‍ദിക്കുകയും ചെയ്ത സംഭവം കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള വിപുലമായ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
കൊള്ള നടത്തിയത് ബംഗ്ലാ സംഘമാണെന്നു തിരിച്ചറിഞ്ഞിരുന്നു. വീട്ടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന നാലുപേരെയും തിരിച്ചറിയുകയും ചിലര്‍ വലയിലായതായും സൂചനയുണ്ട്. ഇവരുടെ ഫോട്ടോ, പേര്, വീട്ടുപേര്, മറ്റുവിവരങ്ങള്‍ എന്നിവ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തന്നെ ശേഖരിച്ചതായാണു സൂചന. കൊള്ളസംഘത്തിലെ കൂട്ടുപ്രതികളെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ് എന്നാണു വിവരം. കൊള്ളയടിക്കുന്ന സമയത്ത് കൂടുതല്‍ പേര്‍ വീടിന് പുറത്തുണ്ടായിരുന്നതായാണു നിഗമനം.
തെളിവുകള്‍ ശേഖരിക്കാനായി അന്വേഷണ സംഘത്തിലെ മൂന്ന് സംഘങ്ങള്‍ ഇതര സംസ്ഥാനങ്ങളിലാണുള്ളത്. പ്രതികള്‍ക്ക് കണ്ണൂരില്‍ നിന്നുതന്നെ സഹായം ലഭിച്ചിരുന്നോ എന്നകാര്യവും അന്വേഷിക്കും. ഇക്കഴിഞ്ഞ 6ന് പുലര്‍ച്ചെ 1.30ഓടെയാണ് വിനോദ്ചന്ദ്രന്‍ താമസിക്കുന്ന താഴെചൊവ്വ തെഴുക്കില്‍ പിടികയിലെ വീട്ടില്‍ വന്‍ കൊള്ള നടന്നത്.
അതിനിടെ, മോഷണവും സാമൂഹിക വിരുദ്ധശല്യവും വര്‍ധിച്ചതോടെ നഗരത്തില്‍ കൂടുതല്‍ ജാഗ്രതയുമായി പോലിസ് രംഗത്തെത്തി. വ്യത്യസ്ത രീതിയിലുള്ള നിരീക്ഷണമാണ് ഏര്‍പ്പെടുത്തുന്നത്. വൈകീട്ട് നാലുമുതല്‍ രാത്രി 11വരെ കണ്ണൂര്‍ നഗരത്തില്‍ ടൈം പട്രോളിങ് ഏര്‍പ്പെടുത്തും. രണ്ടു ബൈക്കുകളിലായി നാലു പോലിസുകാര്‍ നിരന്തരം നഗരത്തില്‍ കറങ്ങും. രണ്ടുപേര്‍ പോലിസ് വേഷത്തിലും രണ്ടുപേര്‍ മഫ്ടിയിലുമായിരിക്കും.
അര്‍ധരാത്രികളില്‍ ഒത്തുകൂടുന്ന സംഘങ്ങള്‍ക്കെതിരേ ഐപിസി 401 വകുപ്പ് പ്രകാരം കേസെടുക്കും. മാത്രമല്ല രാത്രി 11നു ശേഷം നഗരത്തില്‍ അലഞ്ഞുതിരിയുന്ന ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ളവരെയും നിരീക്ഷിക്കും. ബസ്് സ്റ്റാന്‍ഡിലും റെയില്‍വേ സ്‌റ്റേഷനുകളിലും അന്തിയുറങ്ങുന്നവരുടെ കൂട്ടത്തില്‍ മോഷ്ടാക്കളുണ്ടെന്നാണു പോലിസ് കണ്ടെത്തല്‍. ഇവിടങ്ങളില്‍ കിടന്നുറങ്ങി അര്‍ധരാത്രിയോടെ എഴുന്നേറ്റ് കവര്‍ച്ചയ്ക്കു പോവുന്നതായാണു പോലിസിന്റെ കണ്ടെത്തല്‍. അതിനാല്‍ തന്നെ നിരീക്ഷണം ശക്തമാക്കാനാണു തീരുമാനം.

Next Story

RELATED STORIES

Share it