kannur local

കണ്ണൂരിലെ മലയോര മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു

കണ്ണൂര്‍:  വേനല്‍മഴക്ക് പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ ഡെങ്കിപ്പനിയും. മലയോര മേഖലയിലെ കൊട്ടിയൂര്‍, ഉളിക്കല്‍, കണിച്ചാര്‍, കേളകം പ്രദേശങ്ങളിലാണ് ഡെങ്കി പടരുന്നത്. 39 കേസുകളാണ് കൊട്ടിയൂരില്‍ മാത്രം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് കൊട്ടിയൂരില്‍ യുവാവ് മരിച്ച സാഹചര്യത്തില്‍ കര്‍ശന ജാഗ്രതയിലാണു ആരോഗ്യവകുപ്പ്. ചപ്പമല ഭാഗത്താണു ഡെങ്കിപ്പനി വ്യാപകമായി പടര്‍ന്നുപിടിച്ചത്. പനി ബാധിതര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണു പനിബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്. ഒന്നരയാഴ്ചയോളമായി ഒന്നിടവിട്ട ദിവസങ്ങളില്‍ മഴയുണ്ടായിരുന്നതും റബര്‍തോട്ടങ്ങളില്‍ കൊതുകുകള്‍ വര്‍ധിച്ചതുമാണ് ചപ്പമല മേഖലയില്‍ പനി പടരാന്‍ കാരണം.പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
പുതിയ സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രതിരോധ നടപടികളെക്കുറിച്ച് മുന്നറിയിപ്പും നല്‍കി. ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഒരിക്കല്‍ ഡെങ്കി പിടിപെട്ടവര്‍ക്ക് വീണ്ടും വന്നാല്‍ മാരകമായേക്കാം. ജനങ്ങള്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തി ഡെങ്കിപ്പനി വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് വളരുന്ന സ്ഥലങ്ങളും സാധനങ്ങളും സംസ്‌കരിക്കുകയോ ആഴ്ചയിലൊരിക്കല്‍ വെള്ളം ഊറ്റിക്കളയുകയോ ചെയ്യണം. ജലസംഭരണികള്‍ അടപ്പുകളോ കൊതുകുവലയോ കൊണ്ട് മൂടിവയ്ക്കണം.  ചിരട്ട, ടയര്‍, കുപ്പി, ഉരകല്ല്, ഉപയോഗശൂന്യമായ പാത്രങ്ങള്‍, ടാര്‍പോളിന്‍-പ്ലാസ്റ്റിക് ഷീറ്റുകള്‍, വെള്ളം കെട്ടിനില്‍ക്കാവുന്ന മറ്റു സാധനങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്‌കരിക്കണം. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടികള്‍, ടെറസ്, ടാങ്ക് മുതലായവയില്‍നിന്ന് ആഴ്ചയിലൊരിക്കല്‍ വെള്ളം ഊറ്റിക്കളയുക. മരപ്പൊത്തുകളും വീട്ടുപരിസരത്തെ കുഴികളും മണ്ണിട്ടു മൂടുക, അല്ലെങ്കില്‍ ചാലുകീറി വെള്ളം വറ്റിക്കുക, റബര്‍പാല്‍ ശേഖരിക്കാന്‍ വച്ച ചിരട്ടയും കപ്പും കമഴ്ത്തിവയ്ക്കുക. അടയ്ക്കാ തോട്ടങ്ങളില്‍ വീണുകിടക്കുന്ന പാള ആഴ്ചയിലൊരിക്കല്‍ കത്തിച്ചുകളയുക. ടയര്‍ ഡിപ്പോയിലും ഗാരേജുകളിലും സൂക്ഷിച്ചിരിക്കുന്ന ടയറുകള്‍ വെള്ളം വീഴാത്ത സ്ഥലത്തേക്ക് മാറ്റുക.
ഉപയോഗശൂന്യമായ ടയറുകളില്‍ സുഷിരങ്ങളിട്ടോ മണ്ണിട്ടുനിറച്ചോ വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക. പകല്‍ സമയത്ത് ഉറങ്ങുവര്‍ കൊതുകുവല ഉപയോഗിക്കുക. ജനല്‍, വാതില്‍, വെന്റിലേറ്റര്‍ മുതലായവയില്‍ കൊതുകു കടക്കാതെ വല ഘടിപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it