kannur local

കണ്ണൂരിലെ ബസ് തൊഴിലാളി പണിമുടക്ക് പിന്‍വലിച്ചു



കണ്ണൂര്‍: കസ്റ്റമറി ബോണസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് രണ്ടു ദിവസമായി ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ സംയുക്തമായി നടത്തിവന്ന ബസ് പണിമുടക്ക് പിന്‍വലിച്ചു. ഇന്നലെ രണ്ടുതവണയായി നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് പണിമുടക്ക് ഒത്തുതീര്‍പ്പായത്. ഇതനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെപ്പോലെ തൊഴിലാളികള്‍ക്ക് 19 ശതമാനം ബോണസ് നല്‍കാന്‍ ധാരണയായി. ഈമാസം 15നകം തുക തൊഴിലാളികള്‍ക്കു നല്‍കാമെന്ന് ബസ്സുടകള്‍ ചര്‍ച്ചയില്‍ അറിയിച്ചു. ഡിഎ സംബന്ധിച്ചു പിന്നീട് ചര്‍ച്ച ചെയ്യാനും യോഗത്തില്‍ ധാരണയായി. ജില്ലാ കലക്്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പോലിസ് ചീഫ് ടി ശിവവിക്രം, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ കെ എം സുനില്‍, ലേബര്‍ ഓഫിസര്‍മാരായ അജയകുമാര്‍, ബേബി കാസ്‌ട്രോ എന്നിവരുടെ സാന്നിധ്യത്തില്‍ ബസ് തൊഴിലാളി യൂനിയനുകളും ബസ്സുടമസ്ഥ സംഘം ഭാരവാഹികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ബസ് പണിമുടക്ക് രണ്ടാംദിവസവും തുടരുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ ലേബര്‍ ഓഫിസറുടെ ഓഫിസില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഇരുവിഭാഗവും തങ്ങളുടെ വാദത്തില്‍ ഉറച്ചുനിന്നതോടെ വാക്കേറ്റത്തിലെത്തി. കോടതി വിധി ഉയര്‍ത്തിക്കാട്ടി ബസ്സുടമകള്‍ ബോണസ് നല്‍കാനാവില്ലെന്ന് ആവര്‍ത്തിച്ചതോടെ തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച് എത്തിയവര്‍ എതിര്‍ത്തു. ഇരുവിഭാഗവും രൂക്ഷമായ വാക്കേറ്റത്തിലേര്‍പ്പെട്ടതോടെ ചര്‍ച്ച അലസി. വിവരമറിഞ്ഞ് കലക്ടര്‍ വൈകീട്ട് 5.30ഓടെ ചര്‍ച്ചയ്ക്കു വിളിച്ചു. കലക്ടറുടെ സാന്നിധ്യത്തില്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കസ്റ്റമറി ബോണസ് സംബന്ധിച്ച തര്‍ക്കത്തിനു പരിഹാരമായത്. ബസ്സുടമസ്ഥ സംഘത്തെ പ്രതിനിധീകരിച്ച് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി ജെ സെബാസ്റ്റിയന്‍, കെ രാജ്്കുമാര്‍, ഗംഗാധരന്‍, എം വി വല്‍സലന്‍, പി കെ പവിത്രന്‍, സി എം ശിവരാജന്‍, വിവിധ തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച് കെ ജയരാജന്‍, കെ കെ നാരായണന്‍, പി വി കൃഷ്ണന്‍, എം കെ ഗോപി(സിഐടിയു), പി സൂര്യദാസ്(ഐഎന്‍ടിയുസി), പി കൃഷ്ണ ന്‍ (ബിഎംഎസ്), താവം ബാലകൃഷ്ണന്‍(എഐടിയുസി) പങ്കെടുത്തു.
Next Story

RELATED STORIES

Share it