Middlepiece

കണ്ണൂരിലെ നേതാക്കളില്‍ വീണ്ടുവിചാരം വരുമോ?

ഹനീഫ എടക്കാട്

സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. 2014 സപ്തംബര്‍ ഒന്നിന് ഒമ്‌നി വണ്ടിയില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഇളന്തോട്ടത്തില്‍ മനോജിനെ കതിരൂര്‍ ഉക്കാസ്‌മൊട്ടയില്‍ വച്ച് പട്ടാപ്പകല്‍ ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവമാണ് ജയരാജനെ ജയിലിലാക്കിയത്. രണ്ടാംതവണയാണ് സിപിഎം ജില്ലാ സെക്രട്ടറിയായ പി ജയരാജന്‍ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയില്‍പ്പെട്ട പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയാവുന്നതും നിയമത്തിന്റെ പിടിയില്‍ അകപ്പെടുന്നതും. എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ഖജാഞ്ചിയായിരുന്ന അരിയില്‍ ഷുക്കൂറിനെ 2012 ഫെബ്രുവരിയില്‍ കീഴറ വള്ളുവന്‍കടവില്‍ ദീര്‍ഘനേരം തടഞ്ഞുവച്ചശേഷം സ്ത്രീകളടക്കം നിരവധിപേര്‍ നോക്കിനില്‍ക്കെ, ചിലര്‍ കുത്തിക്കൊന്ന കേസിലാണ് ജയരാജന്‍ ആദ്യം ജയിലില്‍പോയത്.
നിയമവിരുദ്ധ പ്രവൃത്തി തടയല്‍ (യുഎപിഎ) നിയമം നടപ്പാക്കിയ ആദ്യത്തെ രാഷ്ട്രീയകൊലപാതക കേസാണ് കതിരൂര്‍ മനോജ് വധം. അതിനു മുമ്പുതന്നെ നിയമത്തിന്റെ ഭീകരത സംസ്ഥാനത്തെ നിരവധിപേര്‍ അനുഭവിച്ചിട്ടുണ്ട്. അതില്‍ പലരും നിരപരാധിയാണെന്ന് വര്‍ഷങ്ങള്‍ നീണ്ട കാരാഗൃഹവാസത്തിനുശേഷം തെളിഞ്ഞു. വിചാരണ തീരും വരെ ജാമ്യംപോലും ലഭിക്കാതെ ജയിലില്‍ കഴിയേണ്ടിവരുകയായിരുന്നു പലര്‍ക്കും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായി കോര്‍ക്കപ്പെട്ടത് പി ജയരാജനാണെന്നു മാത്രം.
ജയരാജന്റെ രണ്ടാം അറസ്‌റ്റെങ്കിലും കണ്ണൂരിലെ അപ്രഖ്യാപിത നാട്ടുരാജാക്കന്മാരായ പാര്‍ട്ടി തലവന്‍മാര്‍ക്ക് വീണ്ടുവിചാരമുണ്ടായാല്‍, നാടും ജനവും രക്ഷപ്പെടും. അതുവഴി ആലംബം അറ്റുപോവുന്ന കുടുംബത്തിന്റെ എണ്ണം കുറയ്ക്കാനുമാവും. അല്ലെങ്കില്‍ ഈ കോലാഹലങ്ങളും യുഎപിഎയും സിബിഐ അന്വേഷണവുമൊക്കെ വൃഥാവിലാവും. ആശയഭിന്നതയും പ്രത്യയശാസ്ത്ര വ്യത്യസ്തതയുമൊക്കെ പച്ചമനുഷ്യന്റെ തലയറുക്കാന്‍ മതിയായ കാരണമാവുന്നതിലെ കാട്ടുനീതിയാണ് ഈ വേളയില്‍ ചര്‍ച്ചയാവേണ്ടത്. സ്വയം റിപ്ലബിക്കായി പ്രഖ്യാപിച്ച പാര്‍ട്ടിതുരുത്തിലെ ഭീകരത ഇനിയുമെങ്കിലും അവസാനിപ്പിക്കാന്‍ വേണ്ടപ്പെട്ടവര്‍ തയ്യാറാവണം. ആര്‍എസ്എസും ബിജെപിയും കോണ്‍ഗ്രസ്സും ലീഗുമൊക്കെ സിപിഎമ്മിനെ പോലെ പാര്‍ട്ടിതുരുത്തുണ്ടാക്കി മറ്റിതര ആശയങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും കാറ്റും വെളിച്ചവും കടന്നുവരാന്‍ അനുവദിക്കാത്തവരാണെന്ന് പല സംഭവങ്ങളാലും വ്യക്തമാക്കപ്പെട്ടതാണ്. പക്ഷേ, പലപ്പോഴും പ്രതിക്കൂട്ടിലാവുന്നത് സിപിഎം മാത്രമാണെന്നത് വൈരുധ്യം. സിപിഎമ്മിന് മറ്റെല്ലാവരും ശത്രുക്കളായപ്പോള്‍, ശത്രുവിന്റെ ശത്രു മിത്രം എന്ന രീതിയില്‍ കോണ്‍ഗ്രസ്സും ലീഗും ആര്‍എസ്എസുമൊക്കെ പലപ്പോഴും സിപിഎമ്മിനെതിരേ ഐക്യപ്പെട്ടു. ഇതാണ് സിപിഎമ്മിനെ വളഞ്ഞിട്ട് കുറ്റംപറയാന്‍ ഏവര്‍ക്കും സൗകര്യമായത്. സിപിഎമ്മിനെ ഒറ്റപ്പെടുത്തി കുറ്റപ്പെടുത്താന്‍ മാത്രം ധാര്‍മികതയോ അര്‍ഹതയോ കണ്ണൂരിലെങ്കിലും ആര്‍ക്കുമില്ലെന്നതാണ് ഖേദകരം.
പലപ്പോഴും സിപിഎം വിമര്‍ശിക്കപ്പെടുന്നതുപോലെ മാധ്യമവിചാരണയ്‌ക്കോ ജനവിചാരണയ്‌ക്കോ അസാമാന്യ വിരുതോടെ കൊലപാതകരാഷ്ട്രീയം പയറ്റാറുള്ള ആര്‍എസ്എസ് വിധേയമാവാറില്ലെന്നതാണു ശ്രദ്ധേയം. മനോജ് വധത്തിനു ശേഷം കണ്ണൂരില്‍ മാത്രം 2014 ഫെബ്രുവരി 25നു രാത്രി സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമായ ചിറ്റാരിപ്പറമ്പ് ചുണ്ടയിലെ പ്രേമനും ഏപ്രില്‍ 15ന് സെന്‍ട്രല്‍ പൊയിലൂരിലെ പാറയുള്ളപറമ്പത്ത് വിനോദനും കൊല്ലപ്പെട്ടിരുന്നു. പ്രേമന്റെ രണ്ടു കാലുകളും വെട്ടിനുറുക്കിയ ശേഷമായിരുന്നു അരുംകൊല. പിറ്റേന്ന് അതിരാവിലെ മരിക്കുകയും ചെയ്തു. ബോംബേറില്‍ നെഞ്ചിന്‍കൂട് ചിതറിത്തെറിച്ചാണ് വിനോദന്‍ കൊല്ലപ്പെട്ടത്. രണ്ടു സംഭവങ്ങളിലും പ്രതികളായ ആര്‍എസ്എസുകാര്‍ക്കെതിരേ യുഎപിഎ ചുമത്തിയെങ്കിലും ഗൂഢാലോചനയുള്‍പ്പെടെ അന്വേഷിക്കുന്നതില്‍ അന്വേഷണസംഘം വീഴ്ചവരുത്തിയതായി ആരോപണമുയര്‍ന്നു. കൂടാതെ, പ്രതികള്‍ക്കെല്ലാം ജാമ്യവും ലഭിച്ചു. ഡിജിപി അഡ്വ. ——ആസഫലി ആര്‍എസ്എസുമായി ഗൂഢാലോചന നടത്തി പ്രതികള്‍ക്ക് ജാമ്യം ലഭ്യമാക്കുകയായിരുന്നുവെന്ന് സിപിഎം ആരോപിക്കുന്നു. എന്തായാലും മനോജ് വധത്തിനു ശേഷം അതിനിഷ്ഠുരമായ സംഭവങ്ങളില്‍ രണ്ടു പ്രവര്‍ത്തകരെ സിപിഎമ്മിന് നഷ്ടമായിട്ടുണ്ട്. കൂടാതെ, ഇക്കഴിഞ്ഞ ജനുവരി മൂന്നിന് രാത്രിയില്‍ ചെമ്പിലോട് വച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ താറ്റ്യോട്ടെ സുമേഷിനെ ബോംബെറിഞ്ഞ് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവിന്റെ ഇടതു കാലാണ് മുറിച്ചുമാറ്റേണ്ടിവന്നത്. വികലാംഗനായിത്തീര്‍ന്ന സുമേഷ് ഇപ്പോഴും ചികില്‍സയിലാണ്. കണ്ണൂരിന് പുറത്ത്, കാസര്‍കോട് തളങ്കരയിലെ സൈനുല്‍ ആബിദ്, തൃശൂര്‍ പാവറട്ടിയിലെ ശിഹാബ് എന്നിവരെയും കുടുംബങ്ങളുടെ മുന്നിലിട്ട് വകവരുത്തിയത് ആര്‍എസ്എസാണ്.
എന്നാല്‍, പ്രതിഭാഗത്ത് ആര്‍എസ്എസായതു കാരണമെന്നോണം തുടര്‍വാര്‍ത്തകളോ ഭീതിദമായ കഥകളോ ഒരു മാധ്യമങ്ങളും പ്രചരിപ്പിച്ചില്ല. സിപിഎമ്മില്‍നിന്ന് വ്യത്യസ്തമായി സംഘര്‍ഷവേളയെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ ആര്‍എസ്എസിന്റെ മിടുക്കാണ് ഇതിനൊരു കാരണം. നിസ്സാരമായ സംഘര്‍ഷങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് നേരത്തേ നിര്‍ണയിച്ചുവച്ച രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തുകയോ മാരകമായി പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്ന തന്ത്രമാണ് ആര്‍എസ്എസ് കുറച്ചുവര്‍ഷങ്ങളായി സ്വീകരിച്ചുപോരുന്നത്. അതിന്റെ ഇരകളാണ് ഒണിയന്‍ പ്രേമനും വിനോദനും താറ്റ്യോട്ടെ സുമേഷും ആബിദും ശിഹാബുമൊക്കെ. $
Next Story

RELATED STORIES

Share it