kannur local

കണ്ണൂരിലെ തിരഞ്ഞെടുപ്പ് തോല്‍വി: കെപിസിസി ഉപസമിതി തെളിവെടുപ്പ് ഇന്ന്

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ കോണ്‍ഗ്രസ്സിനുണ്ടായ തോല്‍വിയുടെ കാരണങ്ങളും പരാതികളും അന്വേഷിക്കുന്ന കെപിസിസി ഉപസമിതി ഇന്ന് ജില്ലയിലെത്തും. രാവിലെ 10ന് ഡിസിസി ഓഫിസില്‍ തെളിവെടുപ്പ് നടത്തും. വി എ നാരായണന്‍ ചെയര്‍മാനും കെ പി അനില്‍കുമാര്‍, വി വി പ്രകാശ് എന്നിവരും അംഗങ്ങളുമായുള്ള മൂന്നംഗ സമിതിയെയാണ് കെപിസിസി ചുമതലപ്പെടുത്തിയിട്ടുള്ളത്.
കണ്ണൂര്‍, തലശ്ശേരി, ധര്‍മടം, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ പരാജയമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. എന്നാല്‍ ജില്ലയിലെ 11 മണ്ഡലങ്ങളിലെയും അവലോകനം സമിതിയില്‍ ചര്‍ച്ച ചെയ്യും. അണികളുടെ വികാരം മാനിക്കാതെ ഏകപക്ഷീയമായ നിലപാടുകളെടുത്തതാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ തോല്‍വിക്ക് കാരണമായതെന്നു വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു എല്ലാ മണ്ഡലങ്ങളെയും കുറിച്ചു ചര്‍ച്ച ചെയ്യുന്നത്. ന്യൂനപക്ഷ വോട്ടുകളിലുണ്ടായ ചോര്‍ച്ച ജില്ലയില്‍ തിരിച്ചടിയായെന്നാണു കോണ്‍ഗ്രസ് വിലയിരുത്തല്‍.
പതിറ്റാണ്ടുകളോളെ കോണ്‍ഗ്രസ് ജയിച്ചുവരുന്ന കണ്ണൂര്‍ നിയമസഭാ മണ്ഡലം കൈവിട്ടതാണ് യോഗത്തില്‍ ഏറ്റവും വലിയ ചര്‍ച്ചയാവുക. കണ്ണൂരില്‍ സിറ്റിങ് എംഎല്‍എ അബ്ദുല്ലക്കുട്ടിയെ മാറ്റി യുഡിഎഫ് സ്ഥാനാര്‍ഥിയായി സതീശന്‍ പാച്ചേനി രംഗത്തെത്തിയപ്പോള്‍ 1196 വോട്ടുകള്‍ക്കാണ് തോല്‍വിയറിഞ്ഞത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയാണ് തിരിച്ചടിയായതെന്ന വിലയിരുത്തലില്‍ തന്നെയാണു നേതൃത്വം.
തലശ്ശേരിയില്‍ എ പി അബ്ദുല്ലക്കുട്ടിക്കെതിരേ എല്‍ഡിഎഫിന്റെ എ എന്‍ ഷംസീറും ധര്‍മടത്ത് പിണറായി വിജയന്‍ നേടിയ ഭൂരിപക്ഷവും യുഡിഎഫ് ഉപസമിതിയില്‍ ചര്‍ച്ചയ്ക്കിടയാക്കും. കൊലപാതക രാഷ്ട്രീയം ഉയര്‍ന്നുവന്നിട്ടും നിരവധി വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയിട്ടും സിപിഎം കേന്ദ്രങ്ങളില്‍ ലീഡ് വര്‍ധിച്ചത് ഭരണത്തിന്റെയും പാര്‍ട്ടിയുടെയും വീഴ്ചയായാണു വിലയിരുത്തല്‍. തളിപ്പറമ്പിലെ രാജേഷ് നമ്പ്യാരുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇപ്പോഴും വിവാദം അടങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പിനെ ഗൗരവത്തിലെടുക്കാതെയുള്ള സ്ഥാനാര്‍ഥിത്വമാണ് തളിപ്പറമ്പിലേതെന്നു യുഡിഎഫിലെ പ്രബലകക്ഷിയായ കോണ്‍ഗ്രസ് നേരത്തേ തന്നെ ആക്ഷേപമുന്നയിച്ചിരുന്നു.
ഇക്കാര്യം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വേണ്ടവിധത്തില്‍ സംസ്ഥാന യുഡിഎഫ് നേതൃത്വത്തെ ധരിപ്പിച്ചില്ലെന്നാണു പൊതുവെയുള്ള വിലയിരുത്തല്‍. ആരോപണ വിധേയരെ നിര്‍ത്തുക വഴി പാര്‍ട്ടിയുടെ വളര്‍ച്ച തന്നെ ഇല്ലാതാക്കിയെന്ന പൊതുവികാരം കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും നേതാക്കളിലുമുണ്ട്. ഇക്കാര്യമെല്ലാം ഉപസമിതിയില്‍ ഉയര്‍ന്നുവരുന്നതോടെ തെളിവെടുപ്പ് ഏറെ നേരം നീണ്ടുനില്‍ക്കാനാണു സാധ്യത.
Next Story

RELATED STORIES

Share it