kannur local

കണ്ണൂരിലെ കണ്ടല്‍പ്രദേശങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

കണ്ണൂര്‍: കണ്ടല്‍വന സംരക്ഷണത്തിനായി ജില്ലാ ഭരണകൂടവും വനംവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന എന്റെ കണ്ടല്‍വനം നാടിന്റെ സുരക്ഷ പദ്ധതിയില്‍ കണ്ടല്‍പ്രദേശങ്ങള്‍ ഏറ്റെടുക്കുന്നു. കണ്ടല്‍ക്കാടുകള്‍ നാടിനുവേണ്ടി ഉടമകള്‍ ദാനം ചെയ്താല്‍ ഉടമയുടെയോ അവര്‍ നിര്‍ദേശിക്കുന്നവരുടെയോ പേരില്‍ അവ നിലനിര്‍ത്തും. പ്രത്യേക ബോര്‍ഡ് സ്ഥാപിച്ചായിരിക്കും ഇവ സംരക്ഷിക്കുക. കണ്ടല്‍പ്രദേശങ്ങള്‍ സേവന തല്‍പരതയോടെ വില്‍ക്കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് ഒരു ഏക്കറിന് 2.5 ലക്ഷം രൂപ എന്ന നിരക്കില്‍ പ്രതിഫലം നല്‍കി ഏറ്റെടുക്കാനും ഉദ്ദേശിക്കുന്നതായി ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ അറിയിച്ചു.
തീരദേശങ്ങളില്‍ ജലലഭ്യത ഉറപ്പുവരുത്തുക, കടലാക്രമണത്തില്‍നിന്ന് കരയെ രക്ഷിക്കുക, മണ്ണിടിച്ചിലും മണ്ണൊലിപ്പും ഇല്ലാതാക്കുക, മല്‍സ്യങ്ങള്‍ക്ക് പ്രജനനകേന്ദ്രം ഒരുക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക, തീരവാസികള്‍ക്ക് ആഹാരവും ഔഷധവും തൊഴിലും നല്‍കുക, നീര്‍പ്പക്ഷികള്‍ക്ക് ആവാസസ്ഥാനമേകുക, കിണറുളില്‍ ഉപ്പുവെള്ളം കയറുന്നത് തടയുക, ജലമലിനീകരണം തടയുക, പ്രകൃതിക്ഷോഭങ്ങളെ തടയുക എന്നിങ്ങനെ കണ്ടലുകള്‍ നല്‍കുന്ന പ്രയോജനങ്ങള്‍ നിരവധിയാണ്. കണ്ടല്‍ക്കാടുകളെ കേന്ദ്ര സര്‍ക്കാര്‍ തീരദേശ പരിപാലന നിയമത്തിലെ ഒന്നാം പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്.
കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിക്കാനോ മണ്ണിട്ടു നികത്താനോ പാടുളളതല്ല. അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ തടവും പിഴയും അടക്കമുളള ശിക്ഷാ നടപടികള്‍ കൈക്കൊളളാന്‍ നിയമമുണ്ട്. പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിഎഫ്ഒ ഓഫിസിലെ 0497 2704808 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.
Next Story

RELATED STORIES

Share it